വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസില്‍ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം അനുവദിച്ചിരിക്കുന്നു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യകോടതിയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നതും. സ്വര്‍ണക്കടത്തില്‍ പ്രധാന ആസൂത്രകനാണെന്ന് എന്‍ഐഎ കണ്ടെത്തിയ പ്രതിയാണ് കെ ടി റമീസ് . റമീസിന്റെ ജാമ്യത്തെ കസ്റ്റംസ് കോടതിയില്‍ എതിര്‍ത്തിട്ടില്ല.
രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയില്‍ കെട്ടിവയ്കേണ്ടതുണ്ട്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതല്‍ 11 മണിയ്ക്കിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പകെ ഹാജരായി ഒപ്പിട്ടു നല്‍കേണ്ടതുണ്ട്. ഏഴ് ദിവസത്തിനകം പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം. അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കണം എന്നിങ്ങനെ കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നതും. അറസ്റ്റിലായി 61-ാം ദിവസമാണ് റമീസിന് ജാമ്യം കിട്ടുന്നത്.
ഈ ഘട്ടത്തില്‍ റമീസിന് ജാമ്യം കിട്ടുന്നത് കേസന്വേഷണത്തെ ബാധിക്കില്ല എന്ന് തന്നെയാണ് കസ്റ്റംസ് പറയുന്നത്. ചോദിക്കേണ്ടതെല്ലാം റമീസിനോട് ചോദിച്ച് അറിഞ്ഞിട്ടുണ്ട്. അതിനാല്‍ത്തന്നെ കേസില്‍ ജാമ്യം നല്‍കുന്നതിനെ കസ്റ്റംസ് എതിര്‍ത്തില്ല.
കസ്റ്റംസ് കേസില്‍ മാത്രമാണ് റമീസിന് ജാമ്യം കിട്ടിയിട്ടുള്ളത്. എന്‍ഐഎ റജിസ്റ്റര്‍ ചെയ്ത കേസിലും റമീസ് പ്രതിയായതിനാല്‍ പുറത്തിറങ്ങാനാകില്ല. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു കേസില്‍ ഒരു പ്രതിക്ക് ജാമ്യം കിട്ടുന്നത് ഇതാദ്യമാണ് ഉണ്ടാക്കുന്നത്.











