ലൈഫ് മിഷൻ സിഇഒ യു.വി ജോസിന്റ മൊഴി എൻഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് മൊഴി രേഖപ്പെടുത്തിയത്. യുഎഇ കോൺസുലേറ്റുമായുള്ള ബന്ധവും, യൂണിടാക്കിന് കരാർ നൽകി വിവരവും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.
ലൈഫ് മിഷൻ പദ്ധതിക്കായി ലഭിച്ച പണത്തിൽ ഒരു ഭാഗം തിരുവനന്തപുരം സ്വർണ കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷിന് കമ്മീഷനായി നൽകിയെന്ന ആരോപണത്തിലാണ് ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ എൻഫോഴ്‌സ്‌മെൻറ് ചോദ്യം ചെയ്തത്.
അതേസമയം, ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ടു സിഇഒ യു.വി ജോസിനോട് സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഉപകരാർ പുറത്തുവന്നതിന് പിന്നാലെ മന്ത്രി എ.സി മൊയ്തീനാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. മന്ത്രിയുടെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് റിപ്പോർട്ട് തേടിയത്. യൂണിടാകും കോൺസുലേറ്റും തമ്മിലുള്ള കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് യു വി ജോസ് മന്ത്രിയെ അറിയിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫഌറ്റ് നിർമാണവുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റിനു വേണ്ടി യൂണിടാക്കുമായി കരാർ ഒപ്പിട്ടത് യുഎഇ കോൺസുൽ ജനറലാണ് എന്നതടക്കമുള്ള വിവരങ്ങളായിരുന്നു കരാറിൽ ഉണ്ടായിരുന്നത്.












