പാർലമെന്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായ സ്പീക്കര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് രാവിലെ ഡൽഹിയിൽ ചേരും. കോവിഡ് ഭീഷണിക്കിടെ 18 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്. ലോക്സഭയും രാജ്യസഭയും നാല് മണിക്കൂര്‍ വീതമാകും ഓരോ ദിവസവും സമ്മേളിക്കുക.
കോവിഡ് പ്രതിരോധം, ഇന്ത്യ – ചൈന അതിർത്തി പ്രശ്നങ്ങൾ, സാമ്പത്തിക രംഗത്തെ തിരിച്ചടി തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് വിഷയവും പാര്‍ലമെന്‍റില്‍ ചർച്ചയാകും.
നേരത്തെ പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തില്‍ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നാണ് സര്‍ക്കാരിന്റെ വാദം.
എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം അറിയിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ക്ക് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും കൊറോണ വൈറസ് മഹാമാരിയെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരം നിഷേധിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം പാര്‍ലമെന്‍റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കില്ല. സോണിയ ഗാന്ധി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയി. രാഹുല്‍ ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ടെന്ന് എഐസിസി വ്യക്തമാക്കി.