ചൈന അതിര്‍ത്തിയില്‍ ചെയ്‌ത അതിക്രമങ്ങളും അരുംകൊലയും ആ രാജ്യത്തു നിന്ന് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണം എന്ന ആഹ്വാനത്തിന് ശക്തിയേകിയിരിക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പകരം വെക്കാവുന്ന ചെലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ സാധനങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കില്‍ മാത്രമേ ഈ ആഹ്വാനം പ്രായോഗികമാവുകയുള്ളൂ. ചൈന എന്ന മാനുഫാക്‌ചറിംഗ് ഹബിന്റെ ആഗോള വിപണിയിലെ `നീരാളി’ പിടുത്തത്തിന്റെ വ്യാപ്‌തി കണ്ട് അന്തം വിടുന്നവര്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന സംശയം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇത് അപ്രായോഗികമല്ല എന്ന് ചില മേഖലകളില്‍ നാം കൈവരിച്ച നേട്ടം തെളിയിക്കുന്നുണ്ട്.
ഉല്‍പ്പാദന മേഖലയില്‍ ചൈന കൈവരിച്ച നേട്ടങ്ങളോട് അസൂയയും നഷ്‌ടബോധവും കലര്‍ന്ന മനോഭാവമാണ് പൊതുവെ ഇന്ത്യക്കാര്‍ വെച്ചുപുലര്‍ത്തുന്നത്. നമുക്ക് കൈവരിക്കാമായിരുന്നത് ചൈന പിടിച്ചെടുത്തു എന്ന മനോഭാവം. ഇന്ന് കോവിഡ്-19 ആഗോളതലത്തില്‍ ചൈനയോടുള്ള വിരോധം പരത്തുമ്പോള്‍ നമുക്ക് കൈവന്നിരിക്കുന്നത് പുതിയ അവസരമാണെന്ന വാദമാണ് ഉയരുന്നത്. പക്ഷേ ഇത്തരം അവസരങ്ങള്‍ വരുന്നതിന് മുമ്പു തന്നെ ചൈനയെ ആഗോളതലത്തില്‍ പിന്നിലാക്കിയ ഒരു വ്യവസായമാണ് ഇരുചക്ര വാഹന മേഖല.
ആഗോളതലത്തില്‍ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനികള്‍ ഇന്ത്യയില്‍ നിന്നുള്ളവയാണ്. അവസരങ്ങളൊക്കെ നേരത്തെയുണ്ടായിരുന്നുവെന്നും അത് ശരിയായി വിനിയോഗിക്കുകയാണെങ്കില്‍ മറ്റ് ഉല്‍പ്പാദന മേഖലകളിലും ഇന്ത്യക്ക് ചൈനയെ പിന്നിലാക്കാന്‍ സാധിക്കുമെന്നുമാണ് ബജാജ് ഓട്ടോയും ടിവിഎസും ഹീറോ മോട്ടോഴ്‌സും നേടിയ വിജയം ഓര്‍മിപ്പിക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് ചൈനീസ് മൊബൈല്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ചത്. വിലക്കുറവാണ് ചൈനീസ് മൊബൈല്‍ ഫോണുകള്‍ക്ക് പ്രചാരം സിദ്ധിച്ചതിന് കാരണം. ഇതുപോലെ ഇന്ത്യന്‍ വിപണി കൈയടക്കാന്‍ 2005ല്‍ ചൈനീസ് മോട്ടോര്‍ സൈക്കിള്‍ കമ്പനികളും ശ്രമിച്ചിരുന്നു. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മോട്ടോര്‍ സൈക്കിളുകളേക്കാള്‍ 30 ശതമാനം കുറവായിരുന്നു ചൈനീസ് മോട്ടോര്‍ സൈക്കിളുകളുടെ വില. പക്ഷേ ഗുണനിലവാരത്തില്‍ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളുകളേക്കാള്‍ മോശമായത് കാരണം ആറ് മാസത്തിനുള്ളില്‍ ചൈനീസ് മോട്ടോര്‍ സൈക്കിള്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ ബിസിനസ് അവസാനിപ്പിക്കേണ്ടി വന്നു.
ഇന്ത്യന്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് ചൈനീസ് ഉല്‍പ്പന്നങ്ങളുടേ മേല്‍ നേടാന്‍ സാധിച്ച വിജയം മറ്റ് രാജ്യങ്ങളിലും ആവര്‍ത്തിക്കാന്‍ ബജാജ് ഓട്ടോയ്‌ക്കും ടിവിഎസിനും ഹീറോ മോട്ടോഴ്‌സിനും സാധിച്ചു. ആഫ്രിക്കയിലെ ഗുണനിലവാരമില്ലാത്ത ചൈനീസ് മോട്ടോര്‍ സൈക്കിളുകളുടെ വിപണി ഇന്ത്യന്‍ കമ്പനികള്‍ പിടിച്ചടക്കി. ഇന്ന് ബജാജ് ഓട്ടോ ആണ് അവിടെ മാര്‍ക്കറ്റ് ലീഡര്‍.
ആഫ്രിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും ഓരോ രാജ്യങ്ങളിലായി പിന്നീട് ഇന്ത്യന്‍ കമ്പനികള്‍ മേധാവിത്തം സ്ഥാപിച്ചു. 2018ഓടെയാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ഉല്‍പ്പാദകരായി മാറിയത്. ചൈന ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി മോട്ടോര്‍ സൈക്കിളുകളാണ് ഇന്ന് ഇന്ത്യ നിര്‍മിക്കുന്നത്. മോട്ടോര്‍ സൈക്കിളുകളുടെ സ്‌പെയര്‍ പാര്‍ട്‌സ് ഉല്‍പ്പാദനത്തിലും ഇന്ത്യന്‍ കമ്പനികള്‍ ചൈനയെ പിന്നിലാക്കി.
ഇന്ത്യയിലെ ഇരുചക്ര വാഹന കമ്പനികള്‍ കൈവരിച്ച ഈ വിജയമാണ് മറ്റ് ഉല്‍പ്പാദകര്‍ക്ക് പ്രചോദനമാകേണ്ടത്. അതിനായി ആ കമ്പനികള്‍ നടത്തിയ ആസൂത്രണത്തെയാണ് ഉല്‍പ്പാദകര്‍ മാതൃകയാക്കേണ്ടത്.
നിര്‍ദ്ദയമായ ലോക്ക് ഡൗണ്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നിലംപരാശാക്കിയിരിക്കുകയാണെന്നും ഇത്തരത്തിലുള്ള ലോക് ഡൗണിനെ കുറിച്ച് താന്‍ എവിടെയും കേട്ടിട്ടില്ലെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഭേദപ്പെട്ട രീതിയിലാണ് ലോക് ഡൗണ്‍ നടപ്പിലാക്കിയിട്ടുള്ളതെന്നുമാണ് രാഹുല്‍ ഗാന്ധിയുമായുള്ള അഭിമുഖത്തില്‍ ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്‌ടര്‍ രാജിവ് ബജാജ് തുറന്നടിച്ചത്. മോദി സര്‍ക്കാരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യവസായികള്‍ ഇത്തരം തുറന്നുപറച്ചിലുകള്‍ നടത്താന്‍ മടിക്കും. നേരത്തെയും മോദി സര്‍ക്കാരിന്റെ വഴി പിഴച്ച നയങ്ങളെ രാജിവ് ബജാജും അദ്ദേഹത്തിന്റെ പിതാവ് രാഹുല്‍ ബജാജും വിമര്‍ശിച്ചിരുന്നു. സര്‍ക്കാരുമായുള്ള അവിഹിത ചങ്ങാത്തത്തിലൂടെ വ്യവസായങ്ങള്‍ വികസിപ്പിക്കുന്ന ക്രോണി കാപ്പിറ്റലിസത്തിന്റെ വഴിയേ നീങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവരല്ല ഇരുവരും. അതുകൊണ്ടാണ് അവര്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഭയപ്പെടാത്തത്. പക്ഷേ ഇന്ത്യ ലക്ഷ്യമാക്കുന്ന `ആത്മനിര്‍ഭരത’ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ സര്‍ക്കാരിന്റെ വിമര്‍ശകരായ ഇത്തരം `വിഷണറി’മാരെ കൂടെ കൂട്ടാന്‍ മോദി തയാറാകണം; അവര്‍ ആഗോള വിപണിയില്‍ ചൈനയെ പിന്നിലാക്കാന്‍ ചെയ്‌ത കാര്യങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. എങ്കില്‍ മാത്രമേ അതിര്‍ത്തിയില്‍ നിന്ന് വിപണിയിലേക്ക് പടര്‍ന്നിരിക്കുന്ന ചൈനയുമായുള്ള യുദ്ധത്തില്‍ വിജയിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.