ഐ. ഗോപിനാഥ്
ആധുനികകാല ജനാധിപത്യമൂല്യങ്ങളും സമത്വസങ്കല്‍പ്പങ്ങളുമെല്ലാം ഉയര്‍ത്തിപിടിക്കുന്നവരെന്ന് അഭിമാനിക്കുന്ന മലയാളികളുടെ സാമൂഹ്യ ജീവിതം എത്രമാത്രം കപടമാണെന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സാമൂഹ്യനീതിയേയും ലിംഗനീതിയേയും കുറിച്ചെല്ലാം വാ തോരാതെ സംസാരിക്കുമ്പോഴും സാമൂഹ്യജീവിതത്തിലും കുടുംബജീവിതത്തിലുമെല്ലാം അതിനു കപടവിരുദ്ധമാണ് മഹാഭൂരിപക്ഷം പേരും എന്നതാണ് വസ്തുത. ലിംഗനീതി എന്ന ഒറ്റവിഷയമെടുത്ത് പരിശോധിക്കാം. പോയവാരത്തിലെ രണ്ടു സംഭവങ്ങള്‍ മാത്രം മതി മലയാളിയുടെ രാഷ്ട്രീയജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യം ബോധ്യമാകാന്‍. ഒപ്പം അക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമൊന്നുമില്ല എന്നു ബോധ്യമാകാന്‍.
കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ചില വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ് ഇക്കാര്യം പറയുന്നത്. ഇവ നടന്നത് വല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു? കേരളത്തില്‍ പ്രതിഷേധം എന്നു ചിന്തിക്കാന്‍ വയ്യ. പത്തനംതിട്ടയില്‍ കോവിഡ് രോഗിയായ യുവതിയെ 108 ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം, ഏതാനും ദിവസം മുമ്പ് പത്തനംതിട്ടയില്‍ തന്നെ സമാനമായ ഒരു ശ്രമം നടന്നത്, തിരുവനന്തപുരത്ത് കോറന്റൈനിലുണ്ടായിരുന്ന യുവതിക്ക് നോ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ച സംഭവം തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്. ഒരുപക്ഷെ കോവിഡ് കാലത്ത് ഇന്ത്യയിലെന്നല്ല, ലോകത്തെവിടേയും ഉണ്ടാകാത്ത സംഭവങ്ങള്‍. എന്നാലവയെ പോലും കക്ഷിരാഷ്ട്രീയത്തോടെ നോക്കികാണുന്ന നമ്മുടെ നിലപാടിനേക്കാള്‍ എത്രയോ ഭേദമാണ് കൊറോണ വൈറസ് എന്നു തോന്നിപോകും.
ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവിന്റെ ഒരു പരാമര്‍ശവും കേരളം കേട്ടു. പരാമര്‍ശത്തിന് കാരണമായ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം വളരെ മോശമായിരുന്നെങ്കിലും ഒരു പ്രതിപക്ഷനേതാവില്‍ നിന്നുണ്ടാകേണ്ട വാക്കുകളല്ല ചെന്നിത്തലയില്‍ നിന്നുണ്ടായത്. അതിശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് അദ്ദേഹമത് പിന്‍വലിച്ചെങ്കിലും കാതലായ വിഷയങ്ങള്‍ ഇല്ലാതാകുന്നില്ല. അതിനു പുറകെയാണ് തിരുവനന്തപുരത്തുനിന്ന് ഒരു സിപിഐഎം പ്രവര്‍ത്തകയും ആത്മഹത്യവാര്‍ത്ത പുറത്തുവന്നത്. സംഘടനയുടെ പ്രാദേശിക നേതാക്കളുടെ മാനസിക പീഡനമാണ് കാരണമെന്നും പലതവണ നേതൃത്വത്തിനു പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല എന്നും അവരുടെ ആത്മഹത്യാകുറിപ്പിലുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നാണ് നേതാക്കളുടെ പ്രതികരണം. എന്നാലവര്‍ മനസ്സിലാക്കേണ്ടത് ഇനി ഇക്കാര്യം അന്വേഷിക്കേണ്ടത് പാര്‍ട്ടിയല്ല, പോലീസാണെന്നാണ്. നിലമ്പൂരില്‍ കോണ്‍ഗ്രസ്സ് ഓഫീസില്‍ യുവതിയുടെ ജഡം കണ്ടല്ലോ എന്ന മറുചോദ്യം ഉന്നയിക്കുന്നതും കേട്ടു.
പൊതുവഴിയിലൂടെ ആര്‍ക്കും സഞ്ചരിക്കാനുള്ള അവകാശത്തിനുവേണ്ടി അയ്യന്‍കാളി നടത്തിയ വില്ലുവണ്ടി സമരത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ജയന്തിയുടെ പശ്ചാത്തലത്തില്‍ പോയവാരം ഏറെ ചര്‍ച്ച ചെയ്തല്ലോ? എന്നാല്‍ ഇന്നും രാത്രിപോയിട്ട്, പകല്‍ പോലും ജനസംഖ്യയുടെ പകുതിവരുന്ന വിഭാഗത്തിന് പൊതുവഴിയില്‍ കൂടി നടക്കാനാവാത്ത പ്രദേശമാണ് കേരളം. മാത്രമല്ല, അക്കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ വളരെ പുറകിലാണ് നമ്മുടെ സ്ഥാനം. എന്തുകൊണ്ടിത് എന്ന അന്വേഷണത്തില്‍ കൊട്ടിഘോഷിക്കപ്പെടുന്ന എല്ലാ പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരും. കേരളചരിത്രത്തെ സ്ത്രീപക്ഷത്തുനിന്ന് അവ നിര്‍മ്മിക്കേണ്ടിവരും ചുരുങ്ങിയ പക്ഷം നവോത്ഥാനകാലം മുതലുള്ള മുന്നേറ്റങ്ങളെയെങ്കിലും സ്വയംവിമര്‍ശനാത്മകമായി കാണേണ്ടിവരും. എന്നാലതൊന്നും പൊതുവില്‍ നമ്മുടെ അജണ്ടയില്ല. മറിച്ച് ഇക്കാര്യത്തിലെല്ലാം കക്ഷിരാഷ്ട്രീയം മാത്രമാണ് നമ്മുടെ അളവുകോല്‍.
തീര്‍ച്ചയായും നവോത്ഥാനപോരാട്ടങ്ങളുടെ കാലത്ത് ലിംഗനീതിയുടെ വിഷയം ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. മാറുമറക്കല്‍ സമരം ഒരുദാഹരണം. വിദ്യാഭ്യാസാവകാശത്തിനായി അയ്യന്‍ കാളി പഞ്ചമി എന്ന പെണ്‍കുട്ടിയുടെ കൈപിടിച്ചാണ് വിദ്യാലയത്തില്‍ കയറിയതെന്നതും നല്‍കുന്ന സൂചന മറ്റൊന്നല്ല. എന്നാല്‍ പില്‍ക്കാലത്ത് ഈ ധാര നേര്‍ത്തുവരുകയാണുണ്ടായത്. ദേശീയപ്രസ്ഥാനത്തില്‍ സ്ത്രീപ്രാതിനിധ്യമൊക്കെ കാണാമെങ്കിലും ദുര്‍ബ്ബലം തന്നെ. പിന്നീട് നവോത്ഥാന – ദേശീയധാരകള്‍ കക്ഷിരാഷ്ട്രീയ ധാരയിലേക്ക് മാറിയതോടെ അതുപോലും നഷ്ടപ്പെടുകയായിരുന്നു. പലപ്പോഴും പുരുഷന്മാരുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ സഹായിക്കല്‍ മാത്രമായി സ്ത്രീകളുടെ കടമ. മിഷണറി വിദ്യാഭ്യാസം ചെയ്തതും മറ്റൊന്നായിരുന്നില്ല. ചെറിയ അപവാദങ്ങളൊക്കെ കാണാമെങ്കിലും ഇപ്പോഴും ആ പ്രവണത തുടരുക തന്നെയാണ്. അതിനാലാണ് പിന്നോക്കമെന്ന് നാം ആക്ഷേപിക്കുന്ന പല സംസ്ഥാനങ്ങളിലും കേന്ദ്രത്തില്‍ പോലും വനിതാനേതൃത്വത്തില്‍ ഭരണം വന്നിട്ടും കേരളത്തില്‍ വരാത്തത്. കേരളത്തിലെ ഒരു പാര്‍ട്ടിക്കും ജില്ലാതലത്തില്‍ പോലും വനിതാ നേതൃത്വങ്ങളില്ലാത്തതിനും കാരണം മറ്റൊന്നല്ല.
ശക്തമായ വനിതാ സാന്നിധ്യമില്ലാത്തത് കൊണ്ടുതന്നെയാണ് രാഷ്ട്രീരംഗത്ത് സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങള്‍ തുടരുന്നത്. മൂന്നു പക്ഷത്തുമുള്ള സംസ്ഥാനരാഷ്ട്രീയത്തിലെ പ്രമുഖരായ പലരും അതില്‍ പങ്കാളികളായിട്ടുണ്ട്. മന്ത്രി മേഴ്സിക്കുട്ടയമ്മക്കെതിരെ എം പി പ്രേമചന്ദ്രന്‍, ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, കെ എം ഷാജി നിയമസഭയില്‍ നടത്തിയ പരാമര്‍ശം വി എസ് അച്യുതാനന്ദന്‍ തന്നെ ലതികാ സുഭാഷിനും സിന്ധുജോയിക്കുമെതിരെ, എം എം മണി പല തവണ, ആര്‍ എം പി നേതാവ് കെ കെ രമക്കെതിരായ നിരന്തര ആക്ഷേപങ്ങള്‍, ടി ജി മോഹന്‍ ദാസ്, സെന്‍ കുമാര്‍, ബി ഗോപാലകൃഷ്ണന്‍, കെ സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, കാന്തപുരം എന്നിങ്ങനെ മുഖ്യധാര രാഷ്ട്രീയത്തില്‍ അടുത്തകാലത്തുതന്നെ എത്രയോ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍. സരിതാ നായരും സ്വപ്‌നസുരേഷുമായി ബന്ധപ്പെട്ടും നാമത് ഏറെ കേട്ടു. സാമൂഹ്യമാധ്യമങ്ങളില്‍ പൊതുപ്രവര്‍ത്തകരായ എത്രയോ പേര്‍ നിരന്തരമായി അവഹേളിക്കപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പല ചാനലുകളിലും അവരുടെ ലിസ്റ്റ് നിരത്തി പരസ്പരം ചളി വാരിയെറിയുന്നതും കണ്ടു. ഏറ്റവും അശ്ലീകരമായ കാഴ്ച ഇത്തരത്തില്‍ ന്യായീകരിക്കുന്നതില്‍ വനിതാനേതാക്കളുമുണ്ടെന്നതാണ്. ശബരിമലവിഷയത്തില്‍ സുപ്രിംകോടതിവിധിക്കെതിരെ രംഗത്തിറങ്ങിയ സ്ത്രീകളുടെ അതേ മാനസികാവസ്ഥയാണ് ഇവരുടേതും എന്നു പറയാതെ വയ്യ. എന്തിനേറെ, പാര്‍ട്ടിയാണ് ഞങ്ങളുടെ കോടതി എന്നു പറഞ്ഞ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ പോലും കേരളത്തിലുണ്ടല്ലോ.
കൊട്ടിഘോഷിക്കപ്പെടുന്ന മിക്കവാറും പ്രസ്ഥാനങ്ങളുടെ അജണ്ടയില്‍ ലിംഗനീതി എന്ന വിഷയം ഉണ്ടായിരുന്നില്ല എന്നു പറഞ്ഞല്ലോ. പിന്നീട് അതുതന്നെ അജണ്ടയായുള്ള സംഘടനകള്‍ കേരളത്തില്‍ ഉടലെടുക്കുന്നത് 1980കളിലായിരുന്നു. സംസ്ഥാനത്തെ പല ഭാഗത്തും ഫെമിനിസ്റ്റ് ഗ്രൂപ്പുകള്‍ രൂപം കൊണ്ടു. ലിംഗനീതിക്കായുള്ള നിരവധി പോരാട്ടങ്ങള്‍ അവ നടത്തി. പക്ഷെ അപ്പോഴും അവയോട് ഐക്യപ്പെടാന്‍ നമ്മുടെ മുഖ്യധാരാപ്രസ്ഥാനങ്ങള്‍ തയ്യാറായില്ല എന്നു മാത്രമല്ല, അവയെ ലൈംഗിക അരാജകവാദികള്‍, വര്‍ഗ്ഗസമരത്തെ തുരങ്കം വെക്കുന്നവര്‍ എന്നൊക്കെ ആക്ഷേപിക്കുകയായിരുന്നു. ഒരുഘട്ടത്തിനുശഷം അവയെല്ലാം നിര്‍ജ്ജീവമായി. എന്നാല്‍ അതിലൂടെ ഉരുത്തിരിഞ്ഞ ഒരു ലിംഗസമത്വബോധം സംസ്ഥാനത്തുണ്ടെന്ന് പറയാതെ വയ്യ. സാമൂഹ്യമാധ്യമങ്ങളടക്കമുള്ള നമ്മുടെ മാധ്യമങ്ങള്‍ വിചാരിച്ചാല്‍ തന്നെ പല സ്ത്രീപീഡനവിരുദ്ധ പോരാട്ടങ്ങളും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നത് അതിന്റെ തുടര്‍ച്ചയാണ്. എന്നാലതുപോര. രാഷ്ട്രീയരംഗത്തടക്കം സമസ്തമേഖലകളിലും സ്ത്രീകളുടെ പുരുഷനുതുല്ല്യമായ പങ്കാളിത്തവും അവകാശവും നേടിയെടുക്കാനാവണം.
രാഷ്ട്രീയരംഗത്തും ഭരണരംഗത്തും മൂന്നിലൊന്ന് സ്ത്രീപങ്കാളിത്തത്തിനെങ്കിലും വേണ്ടി രൂപം കൊടുത്ത വനിതാസംവരണ ബില്ലിനോടുള്ള നമ്മുടെ പ്രസ്ഥാനങ്ങളുടെ നിലപാടിലെ കള്ളത്തരം കൂടി പരാമര്‍ശിക്കാതെ വയ്യ. കേരളത്തിലെ പ്രധാന പാര്‍ട്ടികളെല്ലാം ബില്ലിനനുകൂലമാണെന്നാണ് വെപ്പ്. മുലായംസിംഗും ലല്ലുപ്രസാദ് യാദവും മായാവതിയുമൊക്കെ ചേര്‍ന്നാണ് ബില്ലിനെ തുരങ്കം വെക്കുന്നതെന്നാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാലതുമാത്രമല്ല സത്യം. മുലായത്തിനും കൂട്ടര്‍ക്കും ബില്ലിനോട് താല്‍പ്പര്യമില്ല എന്നതു സത്യം. എന്നാല്‍ തങ്ങളുടെ എതിര്‍പ്പിനു കാരണമായി അവരുന്നയിക്കുന്ന വിഷയം ഇന്ത്യനവസ്ഥയില്‍ വളരെ പ്രസക്തമാണ്. സംവരണത്തിനുള്ളിലെ സംവരണം എന്ന അവരുടെ ആവശ്യത്തോട് എന്തുകൊണ്ട് കാല്‍നൂറ്റാണ്ടായി ബില്ലിന്റെ ശക്തരായ വക്താക്കള്‍ മുഖം തിരിക്കുന്നു? ഇക്കാര്യം കൂടി ബില്ലില്‍ എഴുതി ചേര്‍ത്താല്‍ വനിതാ സംവരണ സീറ്റുകളുടെ എണ്ണം കുറയില്ല. മറിച്ച് അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ പട്ടിക ജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം ലഭിക്കുമെന്നതല്ലേ ശരി? അതിനെ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്?
അല്ലെങ്കില്‍ തന്നെ വനിതാ സംവരണ ബില്ലിന്റെ ആവശ്യമെന്ത്? കേരളത്തെ സംബന്ധിച്ച് പ്രധാന പാര്‍ട്ടികളെല്ലാം ബില്ലിനെ പിന്തുണക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ മൂന്നിലൊന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തിയാല്‍ പ്രശ്‌നം പരിഹരിച്ചില്ലേ? എന്തുകൊണ്ടതിനു തയ്യാറാകുന്നില്ല? ഐക്യകേരളം രൂപം കൊണ്ടശേഷം കേരളത്തില്‍ നിന്നുണ്ടായ ജനപ്രതിനിധികള്‍ വിരലിലെണ്ണാവുന്നവരല്ലേ? വനിതാ സംവരണം വന്നശേഷം മാത്രം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അവസ്ഥ മാറി എന്നു മാത്രം. പറയുന്ന കാര്യത്തോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പാര്‍ട്ടിപദവികളിലും ജനപ്രതിനിധികളായും പകുതി സ്ത്രീകളെ നിര്‍ദ്ദേശിക്കാന്‍ ഈ പാര്‍ട്ടികള്‍ തയ്യാറാവുമോ? ഇല്ലെങ്കില്‍ എന്തിനീ കാപട്യം?
തുടക്കത്തില്‍ പറഞ്ഞപോലെ സ്ത്രീകളുടെ സജീവമായ പങ്കാളിത്തത്തോടെ മാത്രമേ രാഷ്ട്രീയ – പൊതു രംഗത്തെ സ്ത്രീവിരുദ്ധതക്ക് അവസാനമുണ്ടാക്കാനാവൂ. അതിനായി പ്രസ്ഥാനങ്ങളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനാണ് സ്ത്രീകളും (തീര്‍ച്ചയായും ലൈംഗിക ന്യൂനപക്ഷങ്ങളും) ലിംഗനീതിയില്‍ വിശ്വസിക്കുന്നവരും ഇപ്പോള്‍ തയ്യാറാവേണ്ടത്. കാരണം വരാന്‍ പോകു്‌നനത് തെരഞ്ഞെടുപ്പുകളുടെ കാലമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ സ്ത്രീസംവരണമുണ്ട്. എന്നാലവിടെ സ്ത്രീവിരുദ്ധരായ പുരുഷന്മാരേയും പുരുഷന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന സ്ത്രീകളേയും ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണം. തുടര്‍ന്നു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിലൊന്നു സീറ്റുകളിലെങ്കിലും സ്ത്രീകളെ മത്സരിപ്പിക്കാന്‍ ആവശ്യപ്പെടണം. അതുപോലെ സ്ത്രീവിരുദ്ധ നടപടികളും പരാമര്‍ശങ്ങളും നടത്തുന്നവരെ ഒഴിവാക്കാനും ആവശ്യപ്പെടണം. അതിനായി ശക്തമായ ഇടപെടല്‍ നടത്തേണ്ട സമയമാണിത്. തീര്‍ച്ചയായും കുടുംബങ്ങളും മതങ്ങളുമടക്കം മറ്റെല്ലാ മേഖലകളിലും ഇത്തരമൊരു മാറ്റം അനിവാര്യമാണ്. എന്നാലതിന്റെ തുടക്കം വരുന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നാകട്ടെ.