തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞ പ്രസ്താവന വിവാദത്തിലേക്ക്. ഡിവൈഎഫ്‌ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്.ക്വാറന്റിലായ യുവതിയെ കോണ്‍ഗ്രസ് അനുകൂല എന്‍ജിഒ അസോസിയേഷന്‍ നേതാവ് പീഡിപ്പിച്ചെന്ന ആരോപണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ചെന്നിത്തലയുടെ മറുപടി. പീഡനത്തെ നിസാരവത്കരിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സോഷ്യല്‍മീഡിയ പറയുന്നു. ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്ന വ്യക്തി ഇത്തരത്തലുള്ള പ്രസ്താവന നടത്തിയത് ഖേദകരമെന്നും ചിലര്‍ കുറിച്ചു.
ക്വാറന്റീനിലായ യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആരോഗ്യപ്രവര്‍ത്തകന്‍ റിമാന്‍ഡിലാണ്. തിരുവനന്തപുരം പാങ്ങോട് സ്വദേശി പ്രദീപാണ് അറസ്റ്റിലായത്. കുളത്തുപ്പുഴയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് പ്രദീപ്.
മലപ്പുറത്ത് ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന പരാതിക്കാരി കുളത്തുപ്പുഴയിലെ വീട്ടിലെത്തുകയും നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോഴായിരുന്നു പീഡനം. സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. അവശയായ യുവതി സഹോദരന്റെ വീട്ടിലെത്തുകയും പിന്നീട് പോലീസില്‍ അറിയിക്കുകയുമായിരുന്നു.