മുംബൈ: ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 60 പോയിന്റ് ഉയര്‍ന്ന് 38,417 പോയിന്റില്‍ ക്ലോസ് ചെയ്‌തു. വ്യാപാരവേളയിലൂടനീളം കടുത്ത ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്.
നിഫ്‌റ്റി 21 പോയിന്റ് ഉയര്‍ന്ന് 11,355 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 11,381 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്നിരുന്നു. രാവിലെ 11,252 പോയിന്റ് വരെ ഇടിഞ്ഞതിനു ശേഷം നിഫ്‌റ്റി കരകയറ്റം നടത്തുകയായിരുന്നു.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 27 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 23 ഓഹരികള്‍ ഇടിവ് നേരിട്ടു. ഇന്‍ഫ്രാടെല്‍, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഡോ.റെഡ്‌ഢീസ് ലബോറട്ടറീസ്, ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഇന്‍ഫ്രാടെല്‍ 5.72 ശതമാനവും എച്ച്‌ഡിഎഫ്‌സി ലൈഫ് 3.24 ശതമാനവും ഉയര്‍ന്നു. എഫ്‌എംസിജി, ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കി.
മഹീന്ദ്ര & മഹീന്ദ്ര, യുപിഎല്‍, ബജാജ് ഫിനാന്‍സ്, ഗെയില്‍, എന്‍ടിപിസി എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടമുണ്ടാക്കിയ ഓഹരികള്‍. ഈ ഓഹരികളെല്ലാം രണ്ട് ശതമാനത്തിലേറെ നഷ്‌ടം നേരിട്ടു.
നിഫ്‌റ്റിക്ക് 11,377 പോയിന്റിലുണ്ടായിരുന്ന പ്രതിരോധം ഭേദിച്ചാണ് നേരത്തെ വിപണി കുതിച്ചത്. കഴിഞ്ഞയാഴ്‌ച ഈ നിലവാരം ഭേദിച്ച് വിപണി താഴേക്കു പോയി. ഇന്ന് 11,250 പോയിന്റ് വരെ വിപണി ഇടിയുകയും ചെയ്‌തു. 11,377 പോയിന്റ് വീണ്ടും വിപണിയുടെ സമ്മര്‍ദ നിലവാരമാവുന്നതാണ് ഇന്ന് കണ്ടത്. ഈ നിലവാരത്തിന് മുകളിലേക്ക് ഉയരാന്‍ സാധിച്ചില്ല. 11,100 ആണ് അടുത്ത താങ്ങ്. വിപണിയില്‍ ശക്തമായ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.