പനാജി: കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് ഓഫീസ് ഫയലുകള്‍ പരിശോധിച്ച് ഒപ്പിടുന്ന ചിത്രം മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫയല്‍ നോക്കുന്ന മുഖ്യമന്ത്രി ഗ്ലൗസ് ധരിക്കാഞ്ഞത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
കോവിഡ് പോസിറ്റീവായ ഒരാള്‍ കൈയില്‍ ഗ്ലൗസ് ധരിക്കാതെ ഫയല്‍ നോക്കുകയും ആ ഫയല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്യുന്നത് അവര്‍ക്ക് കൂടി രോഗം പകരാന്‍ കാരണമാകില്ലേയെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം.
As stated, Chief Minister @DrPramodPSawant continues to discharge his duties. pic.twitter.com/JfJ9RIU74B
— CMO Goa (@goacm) September 4, 2020
കോവിഡ് ബാധിതനായിട്ടും തന്റെ കടമകളില്‍ അലംഭാവം കാണിക്കാത്ത മുഖ്യമന്ത്രി എന്ന തലക്കെട്ടോടെയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ചിത്രം പങ്കുവച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഒട്ടും ആലോചിക്കാതെയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും കോവിഡ് ബാധിതനായ ഒരാള്‍ മറ്റുള്ളവര്‍ കൈകാര്യം ചെയ്യേണ്ട ഫയല്‍ ഒട്ടും ഗൗരവമില്ലാതെയാണ് കൈകാര്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതാല്‍ അത്ഭുപ്പെടാനില്ലെന്നാണ് ഗോവ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരിഷ് ചൊന്ദന്‍കര്‍ പ്രതികരിച്ചത്. സെപ്റ്റംബര്‍ രണ്ടിനാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഗോവയിലെ അല്‍റ്റിനോയിലുള്ള വസതിയിലാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ കഴിയുന്നത്.