കേന്ദ്ര റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) സ്മാര്‍ട്ട് ഫോണ്‍, മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനുള്ള മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു. പുതുക്കിയ നിര്‍ദേശപ്രകാരം കനത്ത ജാഗ്രത പുലര്‍ത്തേണ്ട പ്രദേശങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വിലക്കിയിരിക്കുകയാണ്. സുപ്രധാനമായ രേഖകള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍, യോഗങ്ങളും ചര്‍ച്ചകളും നടക്കുന്ന കോണ്‍ഫ്രന്‍സ് ഹാളുകള്‍, ഓപറേഷന്‍സ് റൂം തുടങ്ങിയ ഇടങ്ങളിലാണ് നിരോധനം ഉറപ്പാക്കുക.
സിവിലിയന്‍ ഡ്യൂട്ടി ചെയ്യുന്നവര്‍, ജവാന്മാര്‍ തുടങ്ങി സേനയിലെ എല്ലാവര്‍ക്കും മാര്‍ഗരേഖ ബാധകമായിരിക്കും. വിവരചോര്‍ച്ച ഒഴിവാക്കാനും സുരക്ഷാവീഴ്ച ഇല്ലാതാക്കാനുമാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്ന് മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ആമുഖത്തില്‍ പറയുന്നു.
ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് പ്രദേശങ്ങളെ ഉയര്‍ന്ന ജാഗ്രതവേണ്ട പ്രദേശങ്ങള്‍, താഴ്ന്നതും ഇടത്തരവും ജാഗ്രതയുള്ള പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.