ശരത്ത് പെരുമ്പളം
അമേരിക്കന്‍ ഭരണകൂട സീനിയര്‍ ഉപദേശകനും ഇസ്രയേല്‍-യുഎഇ കരാറുകളുടെ തന്ത്രജ്ഞനുമായ ജെറീദ് കുഷ്‌നര്‍ സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തിയത് ഏറെ കൗതുകത്തോടെയാണ് ലോക രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. സമാധാനം കൈവരിക്കുന്നതിനായി പലസ്തീന്‍-ഇസ്രയേല്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് കൂടിക്കാഴ്ച്ചയില്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തതായി സൗദി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സൗദി-അമേരിക്ക സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ചും മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതുമടക്കം എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. മേഖലയിലെ സമാധാന പ്രക്രിയയുടെ സാധ്യതകളെക്കുറിച്ചും നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിന് പലസ്തീന്‍, ഇസ്‌റാഈല്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തായി പ്രസ്‌താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
#SaudiCrownPrince meets US President Advisor #Kushner#WamNews https://t.co/652g4lJRYl pic.twitter.com/NrFRRHpTWu
— WAM English (@WAMNEWS_ENG) September 2, 2020
ഇസ്രയേല്‍-യുഎഇ കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ ഇസ്രയേലില്‍ നിന്നും ആദ്യമായി യുഎഇയിലെത്തിയ വിമാനത്തില്‍ എത്തിയ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ കരാറിന് നേതൃത്വം നല്‍കിയവരുടെ കൂട്ടത്തിലാണ് കുഷ്‌നര്‍ സംഘത്തലവനായി യുഎഇയിലെത്തിയത്. ഇവിടെ നിന്നും ബഹ്‌റൈനിലെത്തിയ അദ്ദേഹം രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യുഎഇ യുടെ അതെ പാതയിലേക്ക് മറ്റുള്ള ഗള്‍ഫ് രാജ്യങ്ങളെയും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്.
അതേസമയം യുഎഇയ്ക്ക് പുറമെ ഒരു അറബ് രാജ്യം കൂടി മാസങ്ങള്‍ക്കുള്ളില്‍ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മുതിര്‍ന്ന ഉപദേഷ്‍ടാവ് ജെറാഡ് കുഷ്‍നര്‍ പറഞ്ഞു. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 22 അറബ് രാജ്യങ്ങള്‍ക്കും ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നാലാമൊതൊരു അറബ് രാഷ്ട്രം ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നത് കാണാന്‍ വര്‍ഷങ്ങളോ മാസങ്ങളോ എടുക്കുമോ എന്ന ചോദ്യത്തിന്, മാസങ്ങള്‍ക്കുള്ളില്‍ അത് പ്രതീക്ഷിക്കാമെന്നായിരുന്നു കുഷ്‍നറുടെ മറുപടി. 1978ല്‍ ഈജിപ്‍തും 1994ല്‍ ജോര്‍ദാനും 2020ല്‍ യുഎഇയുമാണ് ഇതുവരെ ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചിട്ടുള്ള അറബ് രാജ്യങ്ങള്‍.
പരസ്പരം സംസാരിക്കാതെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ല. ജനങ്ങള്‍ തമ്മിലുള്ള ബന്ധവും വ്യാപാര ബന്ധവും അനുവദിക്കുമ്പോള്‍ മാത്രമേ മിഡില്‍ ഈസ്റ്റ് കൂടുതല്‍ ശക്തവും സ്ഥിരതയുള്ളതുമാകൂയെന്നും കുഷ്‍നര്‍ കൂട്ടിച്ചേര്‍ത്തു. സൗദി കിരീടാവകാശിയുമായുള്ള ജെറാഡ് കുഷ്‍നര്‍ നടത്തിയ ചര്‍ച്ചകള്‍ പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കുമോ എന്ന് വരും ദിവസങ്ങളില്‍ നോക്കിക്കാണാം.