തുളസി പ്രസാദ്
44 ലക്ഷം യാത്രക്കാര്‍, 35,000-ത്തിലധികം വിമാനങ്ങള്‍, 27,000 മെട്രിക് ടണ്‍ കയറ്റുമതി, 700 ഏക്കര്‍ വിസ്ത്രീതി, 30,000 കോടി അസ്ഥി… പറഞ്ഞു വരുന്നത് കേരളത്തിന്റെ അഭിമാനമായ തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തെ കുറിച്ചാണ്. സിറ്റിക്കുള്ളില്‍ നിന്ന് ഏറ്റവും എളുപ്പം എത്തി ചേരാവുന്ന ഇന്ത്യയിലെ അപൂര്‍വ്വം വിമാനത്താവളങ്ങളില്‍ ഒന്നാണ് തിരുവനന്തപുരത്തേത്. നിരവധി പ്രത്യേകതകളും ചരിത്ര പ്രാധാന്യവുമുള്ള കേരളത്തിലെ ആദ്യത്തെ എയര്‍പോര്‍ട്ടാണ് അദാനിയുടെ കയ്യിലേക്ക് പോകുന്നു എന്ന ആക്ഷേപം പോരുകുന്നത്.
കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു മുന്‍പെ സ്ഥാപിതമായ വിമാനത്താവളമാണ് തിരുവനന്തപുരം വിമാനത്താവളം. തിരുവിതാംകൂര്‍ രാജാവായ ശ്രീ ചിത്തിര തിരുനാളിന്റെ ശ്രമഫലമായാണ് 1932-ല്‍ തിരുവനന്തപുരം വിമാനത്താവളം നിര്‍മ്മിച്ചത്. കേരള സ്‌പോര്‍ട് കൗണ്‍സില്‍ സ്ഥാപക പ്രസിഡന്റും ശ്രീചിത്തിര തിരുനാളിന്റെ ഏക സഹോദരി കാര്‍ത്തിക തിരുനാള്‍ ലക്ഷ്മീബായ് തമ്പുരാട്ടിയുടെ ഭര്‍ത്താവുമായ ലഫ്. കേണല്‍ ഗോദവര്‍മ രാജ ആരംഭിച്ച ഫ്ളൈയിംഗ് ക്ലബാണ് തിരുവനന്തപുരത്ത് വിമാനത്താവളം തുടങ്ങാന്‍ ഇടയാക്കിയത്. ആദ്യം കൊല്ലം ആശ്രമത്തിലായിരുന്ന വിമാനത്താവളം 1935-ല്‍ അന്നത്തെ ദിവാനായിരുന്ന സര്‍ സി.പി തിരുവനന്തപുരത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
1935 ഒക്ടോബര്‍ 29 ചൊവ്വാഴ്ച വൈകിട്ട് 4.30-നാണ് കേരളത്തില്‍ ആദ്യമായി ഒരു വിമാനം ഇറങ്ങുന്നത്. മുംബൈയില്‍ നിന്നെത്തിയ ടാറ്റാ എയര്‍ലൈന്‍സിന്റെ ഡി.എച്ച് ഫോക്‌സ് മോത്ത് എന്ന വിമാനമാണ് തിരുവനന്തപുരത്ത് ലാന്റ് ചെയ്തത്. ബ്രിട്ടീഷ് വൈസ്രോയിയായ വെല്ലിംഗ്ടണ്‍ പ്രഭു തിരുവിതാംകൂര്‍ മഹാരാജാവിന് അയച്ച ജന്മദിന സന്ദേശവുമായാണ് ആദ്യ വിമാനം തിരുവനന്തപുരത്ത് എത്തിയത്.

ടാറ്റ കമ്പനി ഉദ്യോഗസ്ഥനായ ജാംഷെഡ് നവറോജി, തിരുവിതാംകൂര്‍-ബോംബൈ പ്രസിഡന്‍സി ഏജന്റ് കാഞ്ചി ദ്വാരകദാസ് എന്നിവരുമായി എത്തിയ വിമാനം തരുവിതാംകൂറിന്റെ കത്തുകളുമായി നവംബര്‍ ഒന്നിന് മുംബൈയിലേക്ക് മടങ്ങുകയും ചെയ്തു. ഇതോടെ മുംബൈയിലേക്കുള്ള രാജകീയ ഉത്തരവുകളും കത്തുകളും വിമാന മാര്‍ഗം കൊണ്ടുപോകാന്‍ ആരംഭിച്ചു. പിന്നീട് വ്യോമാക്രമണം തടയുന്നതിനായി 1938-ല്‍ റോയല്‍ ഗവണ്‍മെന്റ് ഓഫ് തിരുവിതാംകൂര്‍, മഹാരാജാവിന്റെ സ്വകാര്യ വിമാനമായ ഡക്കോട്ടയെ ഉള്‍പ്പെടുത്തി ആദ്യത്തെ റോയല്‍ എയര്‍ഫോഴ്‌സ് രൂപീകരിച്ചു.
കേരളത്തിലേക്കുള്ള ആദ്യത്തെ വിമാന സര്‍വ്വീസ് തിരുവനന്തപുരത്തേക്കുള്ള ടാറ്റയുടെ എയര്‍മെയില്‍ ആയിരുന്നെങ്കിലും തിരുവനന്തപുരത്തു നിന്ന് ആദ്യ യാത്രാവിമാനം സര്‍വ്വീസ് തുടങ്ങിയത് 1946-ലാണ്. ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യരുടെ നിര്‍ദ്ദേശപ്രകാരം ടാറ്റ എയര്‍ ലൈന്‍സ് വിമാനം മദ്രാസില്‍ നിന്നും ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, കൊച്ചി വഴിയാണ് തിരുവനന്തപുരത്തേക്ക് സര്‍വ്വീസ് നടത്തിയത്.
1967 ആയപ്പോഴെക്കും കൊളംബോയിലേക്ക് വീക്കിലി സര്‍വ്വീസുകള്‍ ആരംഭിച്ചുകൊണ്ട് തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്ക് തുടക്കം കുറിച്ചു. 1991-ല്‍ അന്നത്തെ പ്രധാനമന്ത്രി വി.പി സിങ് അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചതോടെ കേരളത്തിലെ ആദ്യത്തെ അന്താരാഷട്ര വിമാനത്താവളം എന്ന പദവിയും തിരുവനന്തപുരം വിമാനത്താവളം സ്വന്തമാക്കി. മുഖ്യമന്ത്രി ഇ.കെ നായനാര്‍ അധ്യക്ഷനായ സമ്മേളനത്തില്‍ വെച്ചാണ് ചരിത്രപരമായ ആ പ്രഖ്യാപനം ഉണ്ടായത്.
പിന്നീട് പന്ത്രണ്ട് വര്‍ഷത്തോളമെടുത്താണ് വിമാനത്താവളം ഇന്നുകാണുന്ന കാണുന്ന നിലയിലായത്. 2000 സെപ്റ്റംബര്‍ ഒന്നിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിമാനത്താവളമായി തിരുവനന്തപുരം മാറി. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വിമാനത്താവള വികസനം വീണ്ടും സാധ്യമായി. 2006-ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിമാനത്താവളത്തിനായി ചാക്കയില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മാണത്തിനായി 290 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് എയര്‍ ഇന്ത്യയുടെ ഒരു ഹാംഗര്‍ യൂണിറ്റും ചാക്കയില്‍ സ്ഥാപിച്ചു. പിന്നീട് ശംഖുംമുഖത്ത് പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര വിമാനത്താവളം 2011-ല്‍ ചാക്കയിലേക്ക് മാറ്റി.
നഗരത്തില്‍ നിന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ വിമാനത്താവളത്തില്‍ എത്താം എന്നതാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒരു പ്രത്യേകത. കേരളത്തിലെ പ്രശസ്ത വിനോദസഞ്ചാര മേഖലയായ കോവളം ബീച്ച്, തിരുവനന്തപുരം ടെക്‌നോ പാര്‍ക്ക്, സോഫ്റ്റ് വെയര്‍ ബിസിനസ് ഹബ്, വിഴിഞ്ഞം തുറമുഖം എന്നിവയെല്ലാം തന്നെ വിമാനത്താവളത്തിന് സമീപമാണ് സ്ഥിതിചെയ്യുന്നത്. നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ തുടങ്ങി കേരളത്തിലെ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്ന് തിരുവനന്തപുരത്തെ വ്യത്യസ്തമാക്കുന്നതും ഈ പ്രത്യേകതകള്‍ തന്നെയാണ്.
ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ മാലിദ്വീപ്, ശ്രീലങ്ക എന്നിവയോട് ഏറ്റവും അടുത്തിരിക്കുന്നത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ്. അതുകണ്ടുതന്നെ ഇവിടെ നിന്ന് മാലിദ്വീപിലേക്കും ശ്രീലങ്കയിലേക്കും പോകാനായി ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ചെലവും കുറവായിരിക്കും.
നിലവില്‍ ഇന്ത്യന്‍ ഏയര്‍ലൈന്‍സ്, ജെറ്റ് എയര്‍വേയ്സ്, എയര്‍ വിസ്താര, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ ആഭ്യന്തര വിമാന കമ്പനികളും, ഏയര്‍ ഇന്ത്യ, ഗള്‍ഫ് എയര്‍, ഒമാന്‍ എയര്‍, കുവൈറ്റ് എയര്‍വേയ്സ്, സില്‍ക് എയര്‍, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വേയ്സ്, എയര്‍ അറേബ്യ, എമിറേറ്റ്സ്, ഇത്തിഹാദ് എയര്‍വേയ്സ് എന്നീ അന്താരഷ്ട്ര വീമാന കമ്പനികളും തിരുവനന്തപുരം വീമാനത്തവളത്തില്‍ നിന്ന് സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇവിടെ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍, മാലിദ്വീപ്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വീസുകളും ഉണ്ട്. ടൂറിസത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന എയര്‍പോര്‍ട്ട് കൂടിയാണ് ഇത്. സ്ഥിരമായുള്ള ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ക്ക് പുറമേ ഫസ്റ്റ് ചോയ്സ് ഏയര്‍ വേയ്സ്, ലണ്ടന്‍ ഗാറ്റ്വിക്ക്, മൊണാര്‍ക്ക് മുതലായ ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും ടൂറിസം സീസണോടനുബന്ധിച്ച് ഇവിടെ ലാന്റ് ചെയ്യാറുണ്ട്.
99,000 ചതുരശ്ര അടി വിസ്തീര്‍ണമുളള ടെര്‍മിനല്‍ 1-ന് ഒരുസമയം നാനൂറോളം യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. 1,600 യാത്രക്കാരെ വഹിക്കുന്ന ടെര്‍മിനല്‍-2 അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കൊപ്പം ആഭ്യന്തര സര്‍വ്വീസുകള്‍ കൂടി കൈകാര്യം ചെയ്യുന്നു. 2011-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്ത ടെര്‍മിനല്‍ 2 പ്രതിവര്‍ഷം 1.8 ദശലക്ഷം യാത്രക്കാരെ വഹിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്തെ ചരക്ക് കയറ്റുമതി-ഇറക്കുമതി സേവനത്തിനും തിരുവനന്തപുരം എയര്‍പോര്‍ട്ട് പ്രധാന പങ്ക് വഹിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് വഴിയാണ് നടത്തുന്നത്. വിമാനത്താവള പരിസരത്തു തന്നെയാണ് വെയര്‍ഹൗസ്. പ്രതിവര്‍ഷം 21,000 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്യാനും 27,000 മെട്രിക് ടണ്‍ കയറ്റുമതി ചെയ്യാനുമുള്ള ശേഷി ഇതിനുണ്ട്.
സിവില്‍ സേവനങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ വ്യോമസേനയും തീര സംരക്ഷണ സേനയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നതിന് വ്യോമസേനയ്ക്ക് ഒരു പ്രത്യേക ആപ്രോണ്‍ ഉണ്ട്. കൂടാതെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയിലെ പൈലറ്റുമാര്‍ക്ക് ഇവിടെ വച്ച് പരിശാലനം നല്‍കാറുമുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിമാനത്താവളങ്ങളില്‍വെച്ച് ഏറ്റവും നല്ല വിമാനത്താവളമെന്ന പദവി രണ്ടുവട്ടം സ്വന്തമാക്കിയ വിമാനത്താവളമാണ് തിരുവനന്തപുരത്തേത്.
മതപരമായ ചടങ്ങുകള്‍ക്കായി റണ്‍വെ അടച്ചിടുന്ന ഏക വിമാനത്താവളമെന്ന പ്രത്യേകതയും തിരുവനന്തപുരത്തിന് സ്വന്തം. എല്ലാ വര്‍ഷവും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവങ്ങളുടെ ഭാഗമായാണ് റണ്‍വെ അടച്ചിടുന്നത്. ആറാട്ട് ഘോഷയാത്ര റണ്‍വെയിലൂടെയാണ് കടന്നു പോകുന്നത്.

ഘോഷയാത്ര ഒരു വശത്ത് നിര്‍ത്തിയിട്ടിരുക്കുന്ന വിമാനങ്ങളുടെ അടുത്ത് കൂടി കടന്നു പോവുന്ന അത്യപൂര്‍വ കാഴ്ചയാണ് ഇത് സമ്മാനിക്കുന്നത്. ഈ അവസരത്തില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ലോകത്താകമാനം ഉള്ള വൈമാനികര്‍ക്ക് സന്ദേശം നല്‍കുകയും അഞ്ച് മണിക്കൂറോളം റണ്‍വെ അടച്ചിടുകയും ചെയ്യും.
2018-ലെ പ്രളയകാലത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം പൊങ്ങിയപ്പോള്‍ ഏറ്റവുമധികം വിമാന സര്‍വ്വീസുകള്‍ ഉണ്ടായത് തിരുവനന്തപുരം വഴിയായിരുന്നു. പ്രളയം ബാധിച്ച മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതിനും മറ്റും തിരുവനന്തപുരം വിമാനത്താവളം പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.
തെക്കന്‍ കേരളത്തിന്റെ അഭിമാനമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നിലവില്‍ വന്‍ ലാഭത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 169.32 കോടി രൂപയായിരുന്ന സാമ്പത്തികലാഭം 2018-19 വര്‍ഷത്തില്‍ 179.63 കോടി രൂപയായി ഉയര്‍ന്നു. ഏകദേശം 30,000 കോടി ആസ്ഥിയുള്ള തിരുവനന്തപുരം വിമാനത്താവളം 2018-19 വര്‍ഷത്തില്‍ 45 ലക്ഷം പേരാണ് യാത്രയ്ക്കായി ഉപയോഗിച്ചത്.
ഇത്രയധികം പ്രത്യേകതകളും ചരിത്ര പ്രാധാന്യവുമുള്ള എയര്‍പോര്‍ട്ട് ഒരുപക്ഷേ ഇന്ത്യയിലെ മറ്റേതെങ്കിലും നഗരത്തില്‍ ഉണ്ടോ എന്നതില്‍ സംശയമാണ്. ഇപ്പോള്‍ വിമാനത്താവളം സ്വകാര്യ വ്യക്തിക്ക് കൈമാറുന്നു എന്ന വാര്‍ത്തയോട് വ്യവസായ സമൂഹം പൊതുവെ അനുകൂല പ്രതികരണമാണ് നടത്തിയത്. എന്നാല്‍ എയര്‍പോര്‍ട്ട് വിട്ടുതരില്ലെന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാരും പ്രധാന പ്രതിപക്ഷ കക്ഷികളും ഉറച്ചു നില്‍ക്കുമ്പോള്‍ വിമാനത്താവളം എറ്റെടുക്കുക എന്നത് അദാനി ഗ്രൂപ്പിന് അത്ര എളുപ്പം ആയിരിക്കില്ല.