തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിനും ബിജെപിക്കുമെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരു പാര്‍ട്ടികളും തെളിവുകള്‍ വഴിതിരിച്ചു വിടുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. അനില്‍ നമ്പ്യാരുടെ ഇടപെടല്‍ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി ബന്ധമുള്ളവരിലേക്ക് അന്വേഷണം നീളുകയാണെന്നും തട്ടിപ്പിന്റെ വിവരങ്ങള്‍ ബിജെപിക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് തെളിയുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേസന്വേഷണത്തിന്റെ ഭാവിതന്നെ ഇതോടെ സംശയത്തിലായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരുടെ വായടപ്പിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. മാധ്യമങ്ങളെ പോലും ഭീഷണിപ്പെടുത്തുകയാണ്. ഇടതു മുന്നണി പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇതായിരുന്നോ നയമെന്ന് ചിന്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വാര്‍ത്ത നല്‍കിയാല്‍ പരാതി നല്‍കുമെന്ന നിയമ മന്ത്രിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട ചെന്നിത്തല, എന്തുതന്നെ സംഭവിച്ചാലും സര്‍ക്കാരിനെതിരായ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.











