ആറുമാസത്തിലധികം വിദേശത്ത് കുടുങ്ങിയ റെസിഡന്‍സ് വിസക്കാര്‍ക്ക് ഒമാനിലേക്ക് മടങ്ങാന്‍ എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍സ് ജനറല്‍ അഡ്മിനിസ്ട്രേഷനിലെ അഡ്മിനിസ്ട്രേറ്റീവ് ആന്‍റ് ഫൈനാന്‍ഷ്യല്‍ അഫെയേഴ്സ് ഡയറക്ടര്‍ക്ക് തൊഴിലുടമയാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്.
സാധുവായ വിസയുള്ള തൊഴിലാളിക്ക് തിരികെ വരാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കമ്പിനിയില്‍ നിന്നുള്ള കത്ത്, തൊഴിലാളിയുടെ പാസ്പോര്‍ട്ടിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും കോപ്പികള്‍, കമ്പിനിയുടെ കൊമേഴ്സ്യല്‍ രജിസ്ട്രേഷന്റെ (സി.ആര്‍) കോപ്പി, കമ്പിനിയുടെ അംഗീകൃത സിഗ്നേച്ചറിന്റെ കോപ്പി, 14 ദിവസം വരെ കാലാവധിയുള്ള തൊഴിലാളിയുടെ വിമാന ടിക്കറ്റിന്റെ കോപ്പി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
ഒമാനില്‍ തൊഴില്‍ വിസയിലുള്ളവര്‍ 180 ദിവസത്തിലധികം രാജ്യത്തിന് പുറത്തായിരുന്നാല്‍ വിസ റദ്ദാകുമെന്ന നിയമത്തില്‍ കോവിഡ് പശ്ചാത്തലത്തിലാണ് മാറ്റം വരുത്തിയത്. സാധാരണ വിമാന സര്‍വീസുകള്‍ ആരംഭിക്കാത്തതിനാല്‍ നിരവധി പേരാണ് കേരളത്തിലടക്കം കുടുങ്ങി കിടക്കുന്നത്. ആറുമാസത്തിലധികം ഒമാന് പുറത്തായിരുന്നവര്‍ക്ക് തിരികെ വരാന്‍ എന്‍.ഒ.സി നിര്‍ബന്ധമാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ദിവസങ്ങളായി പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും പൊലീസ് ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിരുന്നില്ല. ചില ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ വഴി വന്നവരില്‍ നിന്ന് എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു.