കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. ഒരു വർഷത്തെ കരാറിലാണ് സന്ദീപ് എത്തുക. മണിപ്പൂരിലെ ഇംഫാൽ സ്വദേശിയായ 25 കാരൻ പ്രതിരോധത്തിൽ ശ്രദ്ധിക്കുന്ന താരമാണ്.
ഷില്ലോംഗ് ലജോംഗ് അക്കാദമിയിൽ നിന്ന് ഫുട്‌ബോൾ യാത്ര ആരംഭിച്ചു. 2014 ൽ ലജോംഗിന്റെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടി. അടുത്ത വർഷം പൂനെ എഫ്.സിക്കെതിരെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. 2018-19 ഐ.എസ്.എൽ സീസണിൽ എ ടി കെ എഫ്‌സിയിൽ എത്തുന്നതിനുമുൻപായി 2017-18 സീസണിൽ ലാങ്‌സ്‌നിംഗ് എഫ്.സിയെ പ്രാതിനിധീകരിച്ചു. കഴിഞ്ഞ ഐലീഗ് സീസണിൽ (2019 -20) ട്രാവു എഫ്.സിക്കായി 8 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ വലം കാൽ പ്രതിരോധതാരമായ സന്ദീപ്, അവിടെ നിന്നാണ് ബ്‌ളാസ്‌റ്റേഴ്‌സിൽ എത്തിയത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ എല്ലായ്‌പ്പോഴും ടീമിന് അപാരമായ പിന്തുണയാണ് നൽകുന്നത്. ആ പിന്തുണ നേടുവാനും അഭിമാനമേകുന്ന പ്രകടനം കാഴ്ചവെക്കുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സന്ദീപ് സിംഗ് പറഞ്ഞു.
ഐ.ലീഗിൽ നിരവധി മത്സരങ്ങൾ കളിച്ച സന്ദീപിന്റെ പരിചയസമ്പത്ത് ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്‌സിന് ഗുണകരമാകുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറയുന്നു.
