നിയമ സഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത് മുഖ്യമന്ത്രി പറഞ്ഞത്
പച്ചക്കള്ളമാണെന്നാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ഒരു അവകാശവുമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ്ണ രൂപം;
1. നിയമ സഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്കുകയാണ് വേണ്ടത്. അഴിമതിയുടെ ചെളിക്കുണ്ടില്‍ നില്‍ക്കുന്ന ഒരു സര്‍ക്കാരായി ഇതുമാറിക്കഴിഞ്ഞു. ജനങ്ങളോട് പച്ചക്കള്ളം പറയുന്ന മുഖ്യമന്ത്രിയാണിത്.
2. മുഖ്യമന്ത്രി നേരത്തെ പറഞ്ഞത് വടക്കാഞ്ചേരി പദ്ധതിയുമായി സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്നാണ്. റെഡ് ക്രെസന്റാണ് പണം മുടക്കുന്നത്. അവര്‍ക്ക് ഭൂമി നല്‍കിയതോടെ സര്‍ക്കാരിന്റെ ഉത്തരവാദിത്തം അവസാനിച്ചു. പണിക്കുള്ള കരാര്‍ നല്‍കിയത് അവരാണ.് അതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. സര്‍ക്കാരിന് ഈ പണിയുമായി ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
3.മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നാണ്.
4. റെഡ്ക്രസന്റ് ഉപകരാര്‍ നല്‍കിയ യൂണിടാക്ക് എനര്‍ജി സെല്യൂഷന്‍സ് എന്ന കമ്പനിയുമായി സര്‍ക്കാരിന് ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണ്. പദ്ധതിയുടെ എല്ലാ ഘട്ടത്തിലും യൂണിടാക്കുമായി സര്‍ക്കാര്‍ നേരിട്ട് ബന്ധപ്പെട്ടതിന്റെരേഖകളാണ് പുറത്തു വന്നിട്ടുള്ളത്. ഈ പദ്ധതിയില്‍ എല്ലാ ഘട്ടത്തിലും സര്‍ക്കാരിന്റെ ഇടപെടലും നേതൃത്വവും ഉണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
5. യൂണിടാക്ക് പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കി സമര്‍പ്പിച്ചത് തന്നെ ലൈഫ് മിഷനായിരുന്നു. (2019 ആഗസ്റ്റ് 22). അത് ലൈഫ് മിഷന്‍ പരിശോധിച്ച് അംഗീകരിക്കുകയും ചെയ്തു.
6. 2019 ആഗസ്റ്റ് 26 ന് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് റെഡ് ക്രസന്റിന് നല്‍കിയ കത്തില്‍ പറയുന്നത് യൂണിടാക്കിന്റെ പ്‌ളാന്‍ തങ്ങള്‍ പരിശോധിച്ചെന്നും ഗംഭീരമാണുമെന്നുമാണ്. അതിനാല്‍ യൂണിടാക്കിന് തന്നെ പദ്ധതി കൊടുക്കാമെന്നുമാണ്. അതായത് സര്‍ക്കാരിന്റെ കൂടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാക്കിന് റെഡ്ക്രസന്റ് കരാര്‍ നല്‍കിയത് എന്നര്‍ത്ഥം. ഭൂമി കൊടുത്തതല്ലാതെ മറ്റൊരു ബന്ധവുമില്ലന്ന മുഖ്യമന്ത്രിയുടെ വാദം ഇവിടെ പൊളിയുകയാണ്.
7. ഇതിനിടയിലാണ് യൂണിടാക്ക് കരാര്‍ ലഭിക്കുന്നതിന് വേണ്ടി കൈക്കൂലി നല്‍കിയിരിക്കുന്നത്. അതിനര്‍ത്ഥം സര്‍ക്കാരിന്റെ യും ലൈഫ് മിഷന്റെ ചെയര്‍മാനായ മുഖ്യമന്ത്രിയുടെയും കാര്‍മ്മികത്വത്തിലാണ് ഈ കൈക്കൂലിയും കോഴയും നല്‍കിയിരിക്കുന്നത് എന്നാണ്.
8. അപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് പൂര്‍ണ്ണമായും കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നു. അപ്പോള്‍ എങ്ങിനെ മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരും. ഇതിനിടയിലാണ് യൂണിടെക് വന്‍ തോതില്‍ കോഴ നല്‍കിയ കാര്യം പുറത്ത് വന്നിരിക്കുന്നത്. ലൈഫ് മിഷന്റെ ചെയര്‍മാന്‍ കൂടിയാണ് മുഖ്യമന്ത്രി എന്നോര്‍ക്കണം.
9. ഒരു കോടി രൂപയല്ല, 4.25 കോടി രൂപയാണ് യഥാര്‍ത്ഥ കമ്മീഷനെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ്.അപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതറിയാമായിരുന്നുവെന്ന് വന്നിരിക്കുന്നു. മാധ്യമ ഉപദേഷ്ടാവ് പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ഈ വെളിപ്പെടുത്തല്‍ വളരെ ഗൗരവമുളളതാണ്. അതിനെക്കാള്‍ ഗൗരവതരമായ കാര്യം തനിക്ക് ഇത് നേരത്തെ അറിയാമായിരുന്നെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറഞ്ഞതാണ്. നിയമ മന്ത്രി എ.കെ.ബാലനും അത് ശരി വയ്ക്കുകയും ചെയ്തിട്ടുണ്ട്.
10. അതായത് കോഴയെക്കുറിച്ച് സര്‍ക്കാരില്‍ എല്ലാ പേര്‍ക്കും അറിയാമായിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് സഹമന്ത്രിമാര്‍ പോലും വ്യക്തമാക്കിയിരിക്കുകയാണ്.
11. കോഴവിവരം മന്ത്രി തോമസ് ഐസക്കിന് നേരത്തെ അറിയാമായിരുന്ന കാര്യം എന്തു കൊണ്ട് അദ്ദേഹം അന്വേഷണ ഏജന്‍സികളെ അറിയിച്ചില്ല. ഗുരുതരമായ തെറ്റാണ് തോമസ് ഐസക് ചെയ്തത്.
12. തോമസ് ഐസക്കിനെ ഇനി വിശേഷിപ്പിക്കേണ്ടതു ‘കോഴ സാക്ഷി’ എന്നാണ്. ഈ മന്ത്രിയെയാണോ കേരളത്തിലുള്ളവര്‍ നികുതി വെട്ടിക്കുന്നതു പിടിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്? സ്വന്തം ട്രഷറിയില്‍ കോടികള്‍ വെട്ടിച്ചുകൊണ്ട് ചിലര്‍ പോകുമ്പോള്‍ അദ്ദേഹം മൂകസാക്ഷി, അല്ലാത്തപ്പോള്‍ കോഴസാക്ഷി! ഈ ധനകാര്യമന്ത്രിയെ എങ്ങനെ ആ പദവിയില്‍ വച്ചുകൊണ്ടിരിക്കും? അദ്ദേഹം നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ധനകാര്യബില്ലിനെ എങ്ങനെ വിശ്വസിക്കും? എത്ര കോഴകള്‍ക്കു സാക്ഷ്യം വഹിച്ചുളള ബജറ്റും ധനകാര്യബില്ലുമായിരിക്കും അദ്ദേഹം അവതരിപ്പിക്കുന്നത്.
13. വടക്കാഞ്ചേരി ഫ്‌ളാറ്റ് സമുച്ചയത്തിന്റെ തട്ടിപ്പിനെപ്പറ്റി ഇത് വരെ പുറത്ത് വന്നിട്ടുള്ള വിവരങ്ങള്‍ വെളിവാക്കുന്നത് സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ ആസൂത്രിതമായി നടന്ന ഗൂഢാലോചനയുടെ ഫലമാണ് ഇതെന്നാണ്
14. മുഖ്യമന്ത്രിയാണ് ലൈഫ് മിഷന്റെ അദ്ധ്യക്ഷന്‍. അദ്ദേഹമാണ് റെഡ്ക്രസന്റുമായി ധാരണാ പത്രം ഒപ്പിടുന്നതിന് മുന്‍പുള്ള ചര്‍ച്ച വിളിച്ചതും അദ്ധ്യക്ഷത വഹിച്ചതും. അവിടെ വച്ചു തന്നെ കമ്മീഷന്റെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. അപ്പോള്‍ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് മാറി നില്‍ക്കാന്‍ കഴിയുമോ.
15. ഇപ്പോള്‍ മുഖ്യമന്ത്രി ഫയല്‍ വിളിച്ചു വരുത്തി പരിശോധിക്കുന്നു എന്ന് സര്‍ക്കാര്‍ തന്നെ പ്രചരിപ്പിക്കുന്നത് തനിക്ക് ഇതിന്റെ ഉത്തരവാദിത്തമില്ലന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള തന്ത്രമാണ്.
16. താനിതൊന്നും അറിഞ്ഞിട്ടില്ല എന്ന് വരുത്തി തീര്‍ക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം മാത്രമാണ് ഇപ്പോഴത്തെ ഫയല്‍ വിളിപ്പിക്കല്‍. മുഖ്യമന്ത്രി അറിയാതെ ഒരു ഫയലും നീങ്ങിയിട്ടില്ല. സ്വപ്നയ്ക്കും മറ്റുമുള്ള കമ്മീഷന്‍ കാര്യമുള്‍പ്പടെയുള്ള എല്ലാ തട്ടിപ്പിന്റെയും ചര്‍ച്ചകള്‍ നടന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി മുഖ്യമന്ത്രി യു എ ഇയില്‍ പോയപ്പോഴാണ് ഈ ചര്‍ച്ചകളുടെ തുടക്കമുണ്ടായത്. അപ്പോഴാണ് ഈ പദ്ധതിക്ക് വേണ്ടി പണം മുടക്കാമെന്ന് റെഡ്ക്രെസന്റ് സമ്മതിക്കുന്നത്. 20 കോടി രൂപയാണ് റെഡ് ക്രസെന്റ് ആദ്യ ഘട്ടമായി നല്‍കാമെന്ന് സമ്മതിച്ചത്. അതെ തുടര്‍ന്നാണ് ധാരണപത്രം ഒപ്പ് വച്ചത്. ആ ധാരണാ പത്രത്തിന്റെ കോപ്പി പ്രതിപക്ഷ നേതാവ് ഇതുവരെ ചോദിച്ചിട്ടും കിട്ടിയില്ല. ഈ പദ്ധതിയിലാണ് നാലേകാല്‍ കോടിയുടെ കോഴയുണ്ടായി എന്നാണ് രണ്ട് മന്ത്രിമാരും മാധ്യമ ഉപദേഷ്ടാവും പറയുന്നത്.
17. അതിനാലാണ് ആ യോഗത്തിന്റെ മിനിട്‌സ് ഇല്ലെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒ എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചത്. മിനിട്‌സ് പുറത്തു വന്നാല്‍ കുടുങ്ങുന്നത് മുഖ്യമന്ത്രിയായിരിക്കും.
18. ലൈഫ് മിഷനിലെ കരാര്‍ ഒപ്പിട്ട രീതി നോക്കുമ്പോള്‍ തന്നെ അതിലെ തട്ടിപ്പ് വ്യക്തമാവും. ലൈഫ് മിഷന്‍ പദ്ധതിയുടെ ചുമതലയുള്ള തദ്ദേശ വകുപ്പ് സെക്രട്ടറിയെയോ, ലൈഫ് മിഷന്‍ സി.ഇ.ഒയെ അറിയിക്കാതെയാണ് ഇതിന്റെ ചരട് വലികള്‍ നടത്തിയത്.
19. 2019 ജൂലായ് 11 നാണ് റെഡ് ക്രസന്റുമായി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ലൈഫ് മിഷന്‍ കരാര്‍ ഒപ്പിട്ടത്. തലേന്ന് വൈകിട്ടാണ് വകുപ്പ് സെക്രട്ടറിയെ ശിവശങ്കരന്‍ വിവരം അറിയിക്കുന്നത് എന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. പുതിയ കോളായിരുന്നതിനാല്‍ പിന്നെ എല്ലാം വേഗത്തില്‍ നീങ്ങി എന്നാണ് വിവരം. ഫയല്‍ നിയമ വകുപ്പിനയച്ചു. വൈകിട്ട് ഒപ്പിടുന്നതിന് മുന്‍പ് അംഗീകരിച്ച് തിരിച്ചു നല്‍കാനായിരുന്നു നിര്‍ദ്ദേശം. കരാറിലെ ചില അവ്യക്തതകള്‍ ചൂണ്ടിക്കാട്ടി അവര്‍ ഉടക്കിട്ടു. അതൊന്നും സാരമില്ലെന്ന് പറഞ്ഞ് ശിവശങ്കര്‍ തള്ളിയാണ് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കാരാര്‍ ഒപ്പിട്ടത്.ഇപ്പോള്‍ നിയമമന്ത്രി എ.കെ.ബാലന്‍ സ്വന്തം വകുപ്പിനെ തന്നെ തള്ളി പറയുന്നത് അപഹാസ്യമാണ്. മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിനാണിത്.
20. കേരളത്തില്‍ ആദ്യമായിട്ടാണോ പാവപ്പെട്ടവര്‍ക്ക് വീട് വച്ചുകൊടുക്കുന്നത് . സര്‍ക്കാര്‍ പറയുന്നത് കേട്ടാല്‍ അങ്ങിനെയോ തോന്നു. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ വേണ്ടി ബാലന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ എം എല്‍ എ മാരോട് സര്‍ക്കാരിനെ ന്യായീകരിക്കാന്‍ പറയുകയാണ്. ഏത് എം എല്‍ എ സര്‍ക്കാരിനെ ന്യായീരിക്കുമെന്നാണ് പറയുന്നത്.
21. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ഒരു അവകാശവുമില്ല.
22. എല്‍ഡിഎഫിലെ കോണ്‍ഗ്രസ്(എസ്) എന്നു പറയുന്ന ഒരു ഘടകകക്ഷി സര്‍ക്കാരിനെ പിന്തുണച്ച് പ്രമേയം പാസാക്കിയെന്ന് ഇന്നു പത്രത്തില്‍ വായിച്ചു. നേരത്തെ അങ്ങനെ പിന്തുണ പ്രഖ്യാപിച്ച കക്ഷി കൂടിയുണ്ട്. ലോക് താന്ത്രിക് ജനതാദള്‍. അങ്ങനെ ഇടതുമുന്നണിയിലെ രണ്ടു പ്രമുഖ കക്ഷികളാണ് പിണറായി വിജയന് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി ഏഴു കക്ഷികള്‍ക്കും മിണ്ടാട്ടമില്ല. മുഖ്യമന്ത്രിക്ക് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചുവെന്നു കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തിനുശേഷം കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞപ്പോള്‍ ആ കക്ഷികളെല്ലാം ഞെട്ടി. ആ യോഗത്തില്‍ അങ്ങനെ ഒരു ചര്‍ച്ചപോലും നടന്നില്ല. ആ വിഷയം ചര്‍ച്ചക്ക് എടുത്താല്‍ പണി പാളുമെന്നു മനസിലായതുകൊണ്ട് അങ്ങനെ ഒരു അജന്‍ഡ ഉണ്ടായില്ല.
23. ഓണക്കിറ്റിലും തട്ടിപ്പ് നടക്കുന്നുവെന്ന് പറഞ്ഞത് വിജിലന്‍സാണ്. ഭക്ഷ്യമന്ത്രി പറയുന്നത് ഞാന്‍ പത്രത്തില്‍ വായിച്ച് അറിഞ്ഞതാണെന്ന്. അപ്പോള്‍ ഭക്ഷ്യമന്ത്രി അറിയാതെയാണോ വിജിലന്‍സ് ഇത് അന്വേഷിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള വിജിലന്‍സ് ഭക്ഷ്യ വകുപ്പില്‍ നടത്തിയ പരിശോധനയില്‍ കണ്ട് പിടിച്ചത് ഗുരുതരമായ വെട്ടിപ്പാണ്. അതിനെയാണ് സിവില്‍ സപ്ളൈസിന്റെ എം ഡി ഉദ്യോഗസ്ഥന്‍മാരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നത്.
അഞ്ഞൂറ് രൂപയുടെ കിറ്റില്‍ നാനൂറ് രൂപയുടെ സാധനമേയുളളുവെങ്കില്‍ എങ്ങിനെയാണ് മനോവീര്യം തകരുന്നത്. മറ്റുള്ളവരുടെ മനോവീര്യം നിലനിര്‍ത്താന്‍ ഇത്തരത്തില്‍ വെട്ടിപ്പ് നടത്തുന്നവരെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ഓണക്കിറ്റലും കോവിഡ് കിറ്റിലും ഒക്കെ അഴിമതിയാണ് നടക്കുന്നത്.
ഈ യൂണിടെക് അഴിമതിയില്‍ മുഖ്യമന്ത്രിക്ക് രക്ഷപെടാന്‍ കഴിയാത്ത വണ്ണമുള്ള കുരുക്കുകള്‍ മുറുകുകയാണ്. അതില്‍ അദ്ദേഹത്തിന്റെ പങ്ക് പകല്‍ പോലെ വ്യക്തമായിരിക്കുകയാണ്. എത്ര മറച്ച് വച്ചാലും വസ്തുകള്‍ പുറത്ത് വരും.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുഖ്യമന്ത്രി രാജിവയ്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് ആഗസ്ത് 27 ന് വാര്‍ഡ് തലത്തില്‍ സത്യാഗ്രഹ സമരം നടത്തും. കോടതി നിര്‍ദേശങ്ങളും കോവിഡ് പ്രോട്ടോക്കോളും പാലിച്ചുകൊണ്ട് ഒരു വാര്‍ഡില്‍ ഒരാള്‍ എന്ന നിലയിലായിരിക്കും അന്നേ ദിവസം ഉച്ചവരെ സത്യാഗ്രഹം നടത്തുന്നത്. പാര്‍ട്ടി ഓഫീസുകളിലോ അവരവരുടെ വീടുകളിലോ ആയിരിക്കണം സത്യാഗ്രഹം നടത്തേണ്ടത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കൃത്യമസമയത്ത് നടത്തണമെന്ന നിലപാടിനെ എല്ലാവരും പിന്തുണക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയായി രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചിട്ടില്ല. കഴിഞ്ഞ തവണ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് നാല് തവണയെങ്കിലും രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഞാന്‍ തന്നെ വ്യക്തിപരമായി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് കോവിഡിന്റെ സമയമാണ്. ജനങ്ങള്‍ക്ക് ഭീതിയുണ്ട്. സ്വതന്ത്രവും നിക്ഷപക്്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്്.ഇതിനായി രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കണം. രാഷ്ട്രീയ കക്ഷികള്‍ക്ക് പറയുവാനുള്ള കാര്യങ്ങള്‍ അവര്‍ എവിടെ ചെന്ന് പറയും. സര്‍ക്കാരിലേക്ക് പ്രോക്സി വോട്ടിന്റെ ഒരു ശുപാര്‍ശ അയിച്ചുവെന്ന് പറയുന്നു. പ്രോക്സി വോട്ടിനെക്കുറിച്ച് ധാരാളം ആശങ്കകള്‍ ജനങ്ങള്‍ക്കുണ്ട്്. കാരണം ഇത് ക്രമക്കേടുകള്‍ക്ക് വഴി തെളിക്കുന്നതാണ് എന്ന പരാതികള്‍ ഉയരുന്നുണ്ട്. അത് പോലെ കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രചരണം എങ്ങിനെ വേണമെന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
എത്ര സമയം വേണം വോട്ടടുപ്പ് എന്നതിനെയെല്ലാം സംബന്ധിച്ച് ചര്‍ച്ച നടത്തേണ്ടതുണ്ട്. അതിനായി കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും യോഗം വിളിച്ച് തിരുമാനമെടുക്കണം. അല്ലാതെ തിരഞ്ഞെടുപ്പ് കമ്മീഷന് ഏകപക്ഷിയമായി നിലപാട് എടുക്കാന്‍ കഴിയില്ല.
സി ഡി ആര്‍: പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി തള്ളിയെന്ന വാര്‍ത്ത കള്ളം;
കോവിഡ് രോഗികളുടെ സ്വകാര്യത പൂര്‍ണ്ണമായി സംരക്ഷിച്ചകൊണ്ട് മാത്രമേ ടവര്‍ ലൊക്കേഷന്‍ എടുക്കാന്‍ പാടുളളു എന്നാണ് പ്രസ്തുത കേസില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. സി ഡി ആര്‍ എടുക്കാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ തങ്ങള്‍ക്ക് ടവര്‍ ലൊക്കേഷന്‍ മാത്രമേ ആവശ്യമുള്ളവെന്നാണ് കോടതിയില്‍ പറഞ്ഞത്. സി ഡി ആര്‍ ശേഖരിക്കാനുള്ള നിര്‍ദേശം പിന്‍വലിച്ച് കൊണ്ട് മറ്റൊരു നിര്‍ദേശം പുറപ്പെടുവിക്കാന്‍ കോടതി വിധിയില്‍ പറഞ്ഞു. സ്വകാര്യ പൂര്‍ണ്ണമായും സംരക്ഷിക്കാന്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.