ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയ പാര്‍ലമെന്ററി സമിതിയുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി രോഗവ്യാപനം അവലോകനം ചെയ്യും. പ്രതിരോധ വാക്സിന്‍ പരീക്ഷണത്തിലെ ഘട്ടങ്ങളും സമിതി വിലയിരുത്തും. യോഗത്തില്‍ കൂടുതല്‍ വിമാനത്താവളങ്ങളുടെ സ്വകാര്യവത്ക്കരണവും ചര്‍ച്ചചെയ്യും.
അമൃത്സര്‍, വാരാണസി, ഭുവനേശ്വര്‍, ഇന്‍ഡോര്‍, ട്രിച്ചി എന്നീ വിമാനത്താവങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നതിനുള്ള നടപടികളാവും ചര്‍ച്ച ചെയ്യുക. കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയേഴര ലക്ഷം പിന്നിട്ടതായി വേള്‍ഡോമീറ്റര്‍ കണക്കുകള്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മരണസംഖ്യ 53000 പിന്നിട്ടു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും, കര്‍ണ്ണാടക, തമിഴ്നാട്, തെലങ്കാന, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും രോഗവ്യാപന നിരക്ക് കൂടുതലാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.


















