അയോധ്യ: രാമജന്മഭൂമി ട്രസ്റ്റ് ചെയർമാൻ മഹാരാജ് നിത്യ ഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് അഞ്ചാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി , ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദ് ബൻ പട്ടേൽ, മോഹൻ ഭഗവത് തുടങ്ങിയവരോടൊപ്പം രാമജന്മഭൂമി ഭൂമി പൂജയ്ക്ക് വേദി പങ്കിട്ട വ്യക്തിയാണ് 82 വയസ്സുകാരനായ മഹാരാജ് നിത്യ ഗോപാൽ ദാസ്. ഇദ്ദേഹവുമായി വേദി പങ്കിട്ട പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗവർണറും അടക്കം ക്വാറന്റയിനിൽ പോകേണ്ടി വരും എന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.
അതേസമയം നിത്യ ഗോപാല്‍ ദാസ് മാസ്‌ക് ധരിക്കാതെ ചടങ്ങില്‍ പങ്കെടുത്തതില്‍ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. പ്രധാനമന്ത്രി മോദി ഗോപാൽ ദാസിനെ കൈപിടിച്ച് ഉദ്ഘാടന വേദിയിൽ ഉണ്ടായത് എല്ലാ ചാനലുകളിലും പ്രക്ഷേപണം ചെയ്തിരുന്നു.
ഇപ്പോൾ മഥുരയിലുള്ള മഹാരാജ് നിത്യ ഗോപാൽ ദാസിന് പനിയും ശ്വാസ തടസവും ഉണ്ട്. മഥുരയിൽ നിന്ന് മെധാന്ത ആശുപത്രിയിലേയ്ക്ക് അദ്ദേഹത്തെ ഉടൻ മാറ്റുമെന്ന് മഥുര ജില്ലാ മജിസ്ട്രേറ്റ് എസ് ആർ മിശ്ര പറഞ്ഞു.


















