സംസ്ഥാനത്ത് ബുധനാഴ്ച 1212 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 880 പേര്‍ രോഗമുക്തി നേടി. ഇന്ന് 1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതിൽ ഉറവിടം അറിയാത്തത് 45 പേർ. വിദേശത്ത് നിന്ന് എത്തിയവർ 59. മറ്റു സംസ്ഥാനങ്ങളിൽ വന്നവർ 64. ആരോഗ്യപ്രവർത്തകർ 22. കഴിഞ്ഞ 24 മണിക്കൂറിനകം 28,664 സാമ്പിളുകള്‍ പരിശോധിച്ചു.
സംസ്ഥാനത്ത് ഇന്ന് 5 മരണം റിപ്പോർട്ട് ചെയ്തു. കാസർകോട് ചാലിങ്കൽ സെവദേശി ഷംസുദ്ദീൻ (53), തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ് (50), എറണാകുളം അയ്യംപുഴയിലെ മറിയംകുട്ടി (77), കോട്ടയം കാരാപ്പുഴയിലെ ടി.കെ. വാസപ്പൻ (89), കാസർകോട്ടെ ആദംകുഞ്ഞ് (67) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ഇടുക്കിയിലെ പൊലീസ് സബ് ഇൻസ്പെക്ടർ അജിതനും (55) കോവിഡ് സ്ഥിരീകരിച്ചു.
ഇന്നത്തെ കോവിഡ് കണക്ക് ജില്ല തിരിച്ച്;
സമ്പർക്കത്തിലൂടെ – 1068
ഉറവിടം അറിയാത്തത് – 45
തിരുവനന്തപുരം 266
കൊല്ലം 5
പത്തനംതിട്ട 19
ആലപ്പുഴ 118
കോട്ടയം 76
ഇടുക്കി 42
എറണാകുളം 121
തൃശൂർ 19
മലപ്പുറം 261
പാലക്കാട് 81
കോഴിക്കോട് 93
കണ്ണൂർ 31
വയനാട് 12
കാസർഗോഡ് 68
തിരുവനന്തപുരത്ത് തീരദേശ സോണുകളിൽ രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. അവശ്യ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന എല്ലാ കടകളും രാവിലെ 7 മുതൽ വൈകിട്ട് 3 വരെ പ്രവർത്തിക്കാം. എറണാകുളം ജില്ലയിലെ പ്രധാന ക്ലസ്റ്ററായിരുന്ന ആലുവയിൽ കോവിഡ് വ്യാപനം കുറയുന്നു. പശ്ചിമ കൊച്ചി മേഖലയിൽ ആശങ്ക തുടരുന്നു. ഒരു ഇടവേളയ്ക്കു ശേഷം ചെല്ലാനം മേഖലയിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഉരുൾപ്പൊട്ടൽ ഉണ്ടായ മേപ്പാടിയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു.
പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരിൽ നിന്നു രോഗം ഉണ്ടായെന്ന് കണ്ടെത്തിയിട്ടില്ല. റസ്ക്യൂ ഓപ്പറേഷനിൽ പങ്കെടുത്തവർക്ക് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം സിഎഫ്എൽടിസിയിൽ ചികിത്സയിലാണ്. ഇയാളുമായി ഹൈ റിസ്ക് കോൺടാക്ട് ഉള്ള മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള 26 പേരുടെ ലിസ്റ്റ് തയാറാക്കി. 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. 16 പേരുടെ വരാനുണ്ട്. ആർക്കും എവിടെവച്ചു വേണമെങ്കിലും കോവിഡ് ബാധിക്കാം എന്നതിന്റെ തെളിവാണ് പെട്ടിമുടിയിലെ മാധ്യമ സംഘത്തിലെ ഒരംഗത്തിനുണ്ടായ കോവിഡ് ബാധ. ഇപ്പോൾ ഈ ടീമുൾപ്പെടെ സമ്പർക്കപട്ടികയിലുള്ള എല്ലാവരും ക്വാറന്റീനിൽ പോകേണ്ട അവസ്ഥയിലാണ്. ഈ പ്രദേശത്ത് തമിഴ്നാട്ടിൽ നിന്നുള്ള ബന്ധുക്കളും വരുന്നുണ്ട്. റെസ്ക്യൂ ടീമിന്റെ സുരക്ഷ ഉറപ്പാക്കാൻ കോവിഡ് പരിശോധന ശക്തമാക്കി.
ആലപ്പുഴയിൽ നിന്നു വന്ന ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന് സെന്റിനൽ സർവയ‌്‌ലൻസിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആയി. ഇതേ തുടർന്നാണ് ഇവിടുത്തെ പരിശോധന ശക്തമാക്കിയത്. ഇന്ന് എൻഡിആർഎഫിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരും ഇപ്പോഴും കോവിഡിൽ നിന്നു മുക്തരല്ല. വിവിധ പ്രദേശങ്ങളിൽ പോകുമ്പോൾ മതിയായ ആരോഗ്യജാഗ്രത പാലിക്കണം.
കോവിഡ് പ്രതിരോധനത്തിനുള്ള നൂതന മാർഗങ്ങൾ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നു. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർക്ക് ഓൺലൈൻ ബിഹേവിയറൽ ട്രെയിനിങ് നൽകും. മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നും മൊത്ത വിൽപ്പന കേന്ദ്രങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ മീൻ വിൽപ്പനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകൾക്ക് കോവിഡ് പരിശോധന നടത്തും. പരിശോധനയിൽ നെഗറ്റീവ് ആകുന്നവർക്കാണ് മീൻ വിൽപ്പനയ്ക്ക് അനുമതി നൽകും.
കോൺടാക്ട് ട്രേസിങ്ങിനായി നിരവധി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഭാഗമായായി കോവിഡ് രോഗികളുടെ ഫോൺ വിളികൾ സംബന്ധിച്ച ഫോൺ റിക്കോർഡ് ശേഖരിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് ഈ രീതിയിലുള്ള വിവരങ്ങൾ ശേഖരിക്കാൻ അനുമതിയുണ്ട്. കുറച്ചു മാസങ്ങളായി ഈ മാർഗങ്ങൾ നാം ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറുകയോ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതിനാൽ തന്നെ സിഡിആർ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതിലേക്കുള്ള കടന്നുകയറ്റമാണ് എന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.












