മുംബൈ: തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് ഓഹരി വിപണി തിരികെ കയറി. സെന്‍സെക്സ് 748 പോയിന്റും നിഫ്റ്റി 203 പോയിന്റും ഇന്ന് ഉയര്‍ന്നു. 37,687 പോയിന്റിലാണ് സെന്‍സെക്സ് ഇന്ന് ക്ലോസ് ചെയ്തത്. 37,745.60 പോയിന്റ് വരെ സെന്‍സെക്സ് ഒരു ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. 203 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 11,095ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 11,112.25 വരെ വ്യാപാരത്തിനിടെ നിഫ്റ്റി ഉയര്‍ന്നിരുന്നു.
10,800ല്‍ നിഫ്റ്റിക്ക് ശക്തമായ താങ്ങുണ്ട്. ഈ നിലവാരത്തോട് അനുബന്ധിച്ച് ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യമെടുത്തതാണ് വിപണിയെ ഉയര്‍ത്തിയത്. വിപണി തിരികെ കയറിയപ്പോള്‍ അതിനെ മുന്നില്‍ നിന്ന് നയിച്ചത് നിഫ്റ്റിയിലും സെന്‍സെക്സിലും ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള റിലയന്‍സ് ഇന്റസ്ട്രീസ് തന്നെയാണ്. കഴിഞ്ഞ മാസം വിപണി ഉയര്‍ന്നപ്പോള്‍ അതിന് പ്രധാന സംഭാവന ചെയ്തത് റിലയന്‍സ് ആയിരുന്നു.
റിലയന്‍സ് 7.44 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്. റിലയന്‍സ് ഇന്റസ്ട്രീസ്, സീ ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മാരുതി സുസുകി എന്നിവയാണ് ഏറ്റവും നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്റ്റി ഓഹരികള്‍. എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതിയ സിഇഒ ആയി ശശിധര്‍ ജഗ്ദീശന്റെ നിയമനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയ വാര്‍ത്ത ഓഹരി വില ഇന്ന് അഞ്ച് ശതമാനം വരെ ഉയരുന്നതിന് കാരണമായി.
ടെക് മഹീന്ദ്ര, ബിപിസിഎല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ടാറ്റാ മോട്ടോഴ്സ് എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും നഷ്ടം നേരിട്ട 5 ഓഹരികള്‍. ടെക് മഹീന്ദ്ര, ബിപിസിഎല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു.
ബാങ്കിംഗ്, ഓട്ടോമൊബൈല്‍, ഫാര്‍മ ഓഹരികള്‍ വിപണി തിരികെ കയറിയപ്പോള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി ബാങ്ക് സൂചിക 1.97 ശതമാനം ഉയര്‍ന്നു. ആര്‍ബിഎല്‍ ബാങ്ക് 4.27 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി ഓട്ടോ സൂചിക 1.55 ശതമാനമാണ് ഉയര്‍ന്നത്.. മാരുതി സുസുകി 3.17 ശതമാനം നേട്ടം രേഖപ്പെടുത്തി. നിഫ്റ്റി ഫാര്‍മ സൂചികയിലുണ്ടായ നേട്ടം 1.76 ശതമാനമാണ്. നിഫ്റ്റി ഫാര്‍മ സൂചികയില്‍ ഉള്‍പ്പെട്ട മിക്കവാറും ഓഹരികള്‍ 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് അടുത്തായാണ് വ്യാപാരം ചെയ്യുന്നത്.
അതേസമയം, ഐടി ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു. എംഫാസിസ് 3.55 ശതമാനവും ടെക് മഹീന്ദ്ര 2.87 ശതമാനവും ഇടിഞ്ഞു.