വാഷിങ്ടണ്‍: അമേരിക്കയിലെ സര്‍വ്വകലാശാലയില്‍ നിന്ന് ചൈന കോവിഡ് വാക്‌സിന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതായി ആരോപണം. അമേരിക്കയും ചൈനയും തമ്മിലെ ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആരോപണം. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റാണ് ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതെന്ന് എഫ്ബിഐ യുഎസിലെ ടെക്‌സാസ് സര്‍വ്വകലാശാലയ്ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.
ചാരവൃത്തി ആരോപിച്ച് ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് ജനറല്‍ അടച്ചു പൂട്ടാന്‍ യുഎസ് അടുത്തിടെ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. വ്യാപാര-സാങ്കേതിക രഹസ്യങ്ങള്‍ മോഷ്ടിക്കുന്ന ചാരന്മാരുടെ വാസസ്ഥലമാണ് ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് എന്നായിരുന്നു യുഎസിന്റെ ആരോപണം. ചെംഗ്ഡുവിലെ കോണ്‍സുലേറ്റ് ജനറല്‍ അടച്ചുപൂട്ടാന്‍ യുഎസിനോട് ആവശ്യപ്പെട്ടാണ് ചൈന ഇതിന് മറുപടി നല്‍കിയത്.
ടെക്‌സാസ് സര്‍വ്വകലാശാലയില്‍ കോവിഡ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള ഗവേഷണം നടക്കുകയാണ്. എന്നാല്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ചൈന സജീവമായി ശ്രമിക്കുന്ന കാര്യം അറിയാമെന്നും അത് അവരുടെ കണ്ടുപിടുത്തമായി ലോകത്തിനു മുന്നില്‍ വരുത്തി തീര്‍ക്കാനുള്ള ശ്രമമാണെന്നും സര്‍വ്വകലാശാല അധികൃതര്‍ ആരോപിച്ചു.



















