കൊച്ചി: അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ക്കും തടവുകാരനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലുവ സബ്ബ് ജയില്‍ അടച്ചു. കൂടാതെ ആലുവ ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാനും കോവിഡ് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലുവ ഫയര്‍ സ്റ്റേഷനും അടയ്ക്കുകയുണ്ടായി. ഇതോടെ ആലുവ പ്രദേശത്ത് ആശങ്കയേറുകയാണ്. പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിയ്ക്കുമാണ് കോവിഡ് പോസിറ്റീവായത്.
ആലുവ പ്രദേശത്ത് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിനാല്‍ കൊടുങ്ങല്ലൂര്‍ ഭാഗത്ത് ഇന്ന് കുറഞ്ഞത് 60 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും. കൊടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ മാത്രം 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ജില്ലയില്‍ കോവിഡ് പോസിറ്റീവായ 1541 പേരില്‍ 1097 പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്.











