ഈ കൊല്ലത്തെ വിശുദ്ധഹജ്ജ് കർമ്മങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും.പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കി. കോവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ പരിമിത എണ്ണം തീർഥാടകരെ മാത്രം പങ്കെടുപ്പിച്ച് കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ചാണ് ഹജ് കർമങ്ങൾ നടത്തുക. സാമൂഹിക അകലം ഉറപ്പാക്കിയാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
20 പേർ അടങ്ങുന്ന സംഘങ്ങളാക്കിയാണ് തീർത്ഥാടകരെ മിനായിൽ എത്തിക്കുക. ബുധനാഴ്ച പകലും രാത്രിയും മിനായിൽ കഴിയുന്ന തീർത്ഥാടകർ പിറ്റേന്ന് സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനായി പുറപ്പെടും. അറഫയിൽ പകൽ കഴിഞ്ഞു സൂര്യാസ്തമനത്തിനു ശേഷം മുസ്ദലിഫയിലെത്തും. അവിടെ ഒരു ദിവസം കഴഞ്ഞതിനു ശേഷം വീണ്ടും മിനയിലെത്തും. വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്കോ രാഷ്ട്ര പ്രതിനിധികൾക്കോ ഇത്തവണ അവസരമില്ല. സർക്കാർ ഉദ്യോഗസ്ഥരോ സേവനത്തിലേർപ്പെട്ടവരോ ഇത്തവണ ഹജ്ജ് നിർവഹിക്കില്ലെന്നു ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. താമസ കേന്ദ്രങ്ങളിലും തീർത്ഥാടകർ പ്രവേശിക്കുന്ന എല്ലാ സ്ഥലങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കും. ഇവ നിരീക്ഷിക്കുന്നതിനും പ്രത്യേക സംഘം രംഗത്തുണ്ട്.