ടെല്‍ അവീവ്: ഇന്ത്യയില്‍ കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പരീക്ഷണങ്ങള്‍ക്കായി ഇസ്രായേല്‍ ഗവേഷക സംഘം ഇന്ത്യയിലേക്ക് തിരിച്ചു. ഒരു മിനിറ്റിനുളളില്‍ പരിശോധനാ ഫലം നല്‍കാന്‍ കഴിയുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്കായുളള പരീക്ഷങ്ങളാണ് ഇന്ത്യയില്‍ നടത്തുകയെന്ന് ഇസ്രായേല്‍ എംബസി അറിയിച്ചു. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി ചേര്‍ന്നാണ് ഗവേഷക സംഘം പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ട പരിശോധന ഇതിനോടകം തന്നെ ഇസ്രായേലില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവരാണ് കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയുമായി ചേര്‍ന്ന് സഹകരിക്കുന്നത്.
തങ്ങളുടെ ഒരു സംഘം ഇന്ത്യയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണെന്നും അവിടെ എത്തിക്കഴിഞ്ഞാല്‍ ഇന്ത്യയുമായി ചേര്‍ന്ന കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇസ്രായേലില്‍ കോവിഡ് വ്യാപന സമയത്ത് ഇന്ത്യ മരുന്നുകളും മാസ്‌ക്കുകളും മറ്റും നല്‍കി സഹായിച്ചതിനാലാണ് കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുമായി ചേര്‍ന്ന് സഹകരിക്കുന്നതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.




















