ബെയ്ജിങ്: അമേരിക്കയും ചൈനയും തമ്മിലുളള പ്രതികാര നടപടികള്‍ക്കൊടുവില്‍ ചെങ്ഡുവിലെ യുഎസ് കോണ്‍സുലേറ്റ് അടച്ചു. യുഎസ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ ചൈന നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. ചൈനയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കോണ്‍സുലേറ്റ് യുഎസ് പതാക താഴ്ത്തിയത്. ഇരു രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര പ്രശ്‌നങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരും ഓഫീസില്‍ നിന്നിറങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രതികാര നടപടിയായി ചൈനയിലെ യുഎസ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ നിര്‍ദേശിച്ചത്. അമേരിക്കയ്ക്ക് പ്രതികാര നടപടിയുണ്ടായിരിക്കുമെന്ന് ചൈന അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ 72 മണിക്കൂര്‍ സമയമാണ് അമേരിക്ക നല്‍കിയത്. ചാരവൃത്തി ആരോപിച്ചായിരുന്നു ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അമേരിക്ക അടപ്പിച്ചത്.
എന്നാല്‍ സാധാരണ ഗതിയിലാണ് കോണ്‍സുലേറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുഎസ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയ ചൈന ജനറിലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. ഇത് തുല്യവും പരസ്പര പൂരകവുമായ നടപടിയാണ് എന്നായിരുന്നു ചൈനയിലെ വിശകലന വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്. ലോകത്തെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക രാഷ്ട്രങ്ങള്‍ തമ്മിലാണ് ഇങ്ങനെ പരസ്പരം തിരിച്ചടികള്‍ നടത്തി കൊണ്ടിരിക്കുന്നത്.