തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നു. കേസിലെ പ്രതികളുടെ മൊഴികള്‍ വിലയിരുത്തിയതിന് ശേഷമാണ് ശിവശങ്കറിനെ സംഘം ചോദ്യം ചെയ്യുന്നത്. കേസില്‍ ഒന്നാംപ്രതിയായ സരിത്ത് ശിവശങ്കറിനെതിരെ മൊഴി നല്‍കിയിരുന്നു.
ചോദ്യം ചെയ്യലിനായി ഇന്ന് ഉച്ചയ്ക്കാണ് ശിവശങ്കറിന് നോട്ടീസ് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട പോലീസ് ക്ലബ്ബില്‍ ശിവശങ്കര്‍ ഹാജരാവുകയായിരുന്നു. കേസിലെ പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധം എന്‍ഐഎ സംഘം വിശദമായി ചോദിച്ചറിയും. സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ സഹായം ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കും.
കേസുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കസ്റ്റംസ് ശിവശങ്കറിനെ ഒന്‍പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രതികളായ സരിത്ത്, സ്വപ്‌ന, സന്ദീപ് എന്നിവരുമായി ശിവശങ്കര്‍ അടുത്തബന്ധം പുലര്‍ത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.