അബുദാബി എമിറേറ്റിൽ പ്രവേശനാനുമതി ലഭിക്കാനുള്ള അതിവേഗ കോവിഡ് ടെസ്റ്റിനു പുതിയ കേന്ദ്രം ഒരുങ്ങുന്നു. നിലവിലുള്ള കേന്ദ്രത്തിലെ തിരക്ക് കുറയ്ക്കാനാണിത്. കുടുംബങ്ങൾക്കു മാത്രം പരിമിതപ്പെടുത്തിയ ഇപ്പോഴത്തെ കേന്ദ്രത്തിൽ മറ്റുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യണം.
അകലം പാലിക്കുന്നതടക്കമുള്ള മുൻകരുതലുകൾ ഉറപ്പാക്കിയാണ് പരിശോധന. ലേസർ കോവിഡ് ടെസ്റ്റിന് തിരക്കേറുന്നതായി ഇതിന്റെ ചുമതലയുള്ള അബ്ദുല്ല അൽ റാഷിദി പറഞ്ഞു. പുതിയ പരിശോധനാ കേന്ദ്രം ഉടൻ തുറക്കും. ഗൻദൂതിൽ കൂടുതൽ സൗകര്യങ്ങളോടെ മറ്റൊരു പരിശോധനാ കേന്ദ്രവും ഒരുക്കും. ഇതോടെ തിരക്കു കുറയുമെന്നാണ് പ്രതീക്ഷ. രക്തം ശേഖരിച്ച് നിമിഷങ്ങൾക്കകം പരിശോധന പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനം യുഎഇ വികസിപ്പിച്ചതാണ്. നിർമിതബുദ്ധി ഉപയോഗിച്ചാണു പ്രവർത്തനം. പ്രമേഹ പരിശോധനയ്ക്ക് രക്തമെടുക്കുന്ന അതേ രീതിയാണിത്. സന്ദർശകരുടെ തിരിച്ചറിയൽ കാർഡ് പരശോധിച്ച് 3 മിനിറ്റ് കൊണ്ട് ഫലം ലഭ്യമാക്കും. 50 ദിർഹമാണ് നിരക്കായി ഈടാക്കുന്നത്.