ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ ജയിലില്‍ ശിക്ഷയനുഭവിക്കുന്ന പ്രതി നളിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രി വെല്ലൂര്‍ ജയിലിലാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സഹതടവുകാരിയുമായി നളിനി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇക്കാര്യം ജയിലറെ അറിയിച്ചതിന് പിന്നാലെയാണ് നളിനി ആത്മഹത്യാശ്രമം നടത്തിയതെന്ന് അഭിഭാഷകന്‍ പുഴകേന്തി പറഞ്ഞു. 29 വര്‍ഷത്തിനിടെ ആദ്യമായാണ് നളിനി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.
സംഭവമറിഞ്ഞതോടെ നളിനിയെ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി കേസിലെ പ്രതിയും ഭര്‍ത്താവുമായ മുരുകന്‍ രംഗത്തെത്തിയിട്ടുണ്ട്. നളിനിയെ വെല്ലൂര്‍ ജയിലില്‍ നിന്നും പുഴല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് മുരുകന്റെ ആവശ്യം. 1991 മെയ് 21 ന് എല്‍ടിടിഇ ചാവേര്‍ ബോംബാക്രമണത്തിലൂടെ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ നളിനിയും ഭര്‍ത്താവും ഉള്‍പ്പടെ ഏഴുപേരെ കോടതി ശിക്ഷിച്ചു. ഇവരെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും പിനിനീട് ജീവപര്യന്തമാക്കി മാറ്റുകയായിരുന്നു.