കൊച്ചി: ഐ.ഐ.ടി ഡൽഹി വികസിപ്പിച്ചെടുത്ത കോവിഡ് പരിശോധനാ കിറ്റുകൾ കൊച്ചി ആസ്ഥാനമായ ടിസിഎം ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ടി.സ.ിഎം ഹെൽത്ത്‌കെയർ നിർമ്മിക്കും. ഐ.ഐ.ടി വികസിപ്പിച്ച കിറ്റുകൾ നിർമിക്കാൻ ലൈസൻസ് ലഭിച്ച രാജ്യത്തെ ഏഴ് സ്ഥാപനങ്ങളിൽ ഒന്നാണ് ടി.സി.എം.
കൊച്ചിയിൽ കിൻഫ്രാ ബയോടെക് പാർക്കിലെ യൂണിറ്റിലാണ് കോവിറ്റെക്‌സ് ബ്രാൻഡിൽ നിർമാണമാരംഭിക്കുക. വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ഓഗസ്റ്റ് പകുതിയോടെ ആംഭിക്കും. പ്രതിദിനം 500 ടെസ്റ്റ് കിറ്റുകൾ നിർമിക്കാനാണ് ലക്ഷ്യം. ഒരു കിറ്റ് ഉപയോഗിച്ച് 100 പരിശോധനകൾ നടത്താം. പ്രതിദിനം 50,000 പരിശോധനകൾക്കുള്ള കിറ്റുകൾ കോവിഡിറ്റെക്‌സ് വിപണിയിലെത്തിക്കും.
ആർ.ടി.പി.സ.ിആർ കിറ്റുകളുടെ അടിസ്ഥാന വില ഒന്നിന് 399 രൂപ മാത്രമാണ്. ആർ.എൻ.എ ഐസൊലേഷൻ, ലാബ് ചെലവുകൾ എന്നിവ ചേർത്താലും നിലവിലെ 4500 രൂപ വരുന്ന പരിശോധനാച്ചെലവിനേക്കാൾ ഗണ്യമായ കുറവുണ്ടാകും. ഇറക്കുമതി ചെയ്യുന്ന ഫ്‌ളൂറസന്റ് പ്രൊഫൈലുകൾ ആവശ്യമില്ലാത്ത കിറ്റാണിത്. അതിനാൽ ഉൽപ്പാദനച്ചലെവ് ഗണ്യമായി കുറയും.
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതി ലഭിച്ച കിറ്റിന് ഐ.ഐ.ടി പേറ്റന്റ് നേടിയശേഷമാണ് നിർമിക്കാൻ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയത്.
