തിരുവനന്തപുരം: ഈ മാസം 31 വരെയുള്ള സമര പരിപാടികള്‍ മാറ്റിവെക്കുന്നതായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് കൂടുതല്‍ വ്യക്തമാണെന്നും ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ബെന്നി ബെഹനാന്‍ ചോദിച്ചു.
‘മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്നു അരുണ്‍ ബാലചന്ദ്രന്‍. അരുണിന് ഫൈസല്‍ ഫരീദിന്റെ ബിസിനസില്‍ പങ്കാളിത്തമുണ്ട്. മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായ ജയകുമാറിനും ഈ റാക്കറ്റുമായി ബന്ധമുണ്ട്. പുതിയ ഐടി സെക്രട്ടറിയെ നിയമിച്ചത് ക്യാബിനറ്റില്‍ മുഖ്യമന്ത്രി അവതരിപ്പിച്ചില്ല. സ്പിങ്ക്ളര്‍ കേസ് അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല’. ഇത് ആവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രി ആരെയാണ് സംരക്ഷിക്കുന്നത്?’ ബെന്നി ബഹനാന്‍ ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഫോണില്‍ സംസാരിച്ചത് കോണ്‍സുലേറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന മന്ത്രി കെ.ടി. ജലീലിന്റെ മറുപടിയെയും ബെന്നി ബഹനാന്‍ വിമര്‍ശിച്ചു. സ്വപ്നയെ കോണ്‍സുലേറ്റില്‍ നിന്ന് മാറ്റിയ വിവരം മന്ത്രി അറിഞ്ഞിരിക്കണമായിരുന്നുവെന്നും ഇരു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ഇടപാടില്‍ ഒരു മന്ത്രി ഇടനിലക്കാരനാകാന്‍ പാടില്ലെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.











