നൈപുണ്യ ശേഷിയുള്ള തൊഴില്‍ ശക്തി വാര്‍ത്തെടുക്കുന്നതിന് സംസ്ഥാന നൈപുണ്യ നയം രൂപീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും മന്ത്രി ടി.പി.രാമകൃഷ്ണന്‍. നൈപുണ്യ വികസനത്തിന് മുന്‍ഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര നൈപുണ്യദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യുവജനനൈപുണ്യദിനാഘോഷം ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ മേഖലയിലും മികച്ച നൈപുണ്യശേഷി ആര്‍ജ്ജിക്കാതെ മുന്നോട്ടുപോകാനാവില്ല. രൂക്ഷമായ തൊഴിലില്ലായ്മയെ അതിജീവിക്കുന്നതിന് യുവാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഗുണമേന്മയുള്ള വിദ്യാഭ്യാസ-വ്യാവസായിക പരിശീലനപദ്ധതികള്‍ സര്‍ക്കാര്‍ ഇതിനോടകം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതുവരെ നിലനിന്ന പരിശീലനരീതികളിലും തൊഴില്‍സ്വഭാവങ്ങളിലും വന്നിട്ടുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് പരിശീലനപദ്ധതികള്‍ പുതുക്കേണ്ടിവരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ക്കായി പഠനത്തോടൊപ്പം തൊഴില്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. പഠനകാലത്ത് വിദ്യാര്‍ഥികള്‍ക്ക് വരുമാനം കൂടി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ തൊഴില്‍സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനൊപ്പം തൊഴില്‍ വൈദഗ്ധ്യം ആര്‍ജ്ജിക്കാനും ഇത് സഹായിക്കും. സ്‌കൂള്‍ തലം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി വ്യക്തിത്വവികാസം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള കരിയര്‍ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
നൈപുണ്യവികസനത്തിന് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കിവരികയാണ്. ആധുനികകാലത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രാപ്തിയുള്ള തൊഴില്‍ശക്തി വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പരമ്പരാഗത കോഴ്‌സുകളുടെ സ്ഥാനത്ത് നൈപുണ്യവികസനത്തില്‍ ഊന്നിയുളള പരിശീലനപദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചത് ഈ കാഴ്ചപ്പാടോടെയാണ്. ട്രാവല്‍ ആന്‍റ് ടൂറിസം, എന്‍റെര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്‍റ് മേഖലകളില്‍ മികവിന്‍റെ കേന്ദ്രം ആരംഭിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നു. നൈപുണ്യവികസനത്തിനായുള്ള കേന്ദ്രാവിഷ്‌കൃതപദ്ധതിയായ സങ്കല്‍പ് സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആധുനിക ഡിസൈന്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് കൊല്ലം ചന്ദനത്തോപ്പിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തും. ഇവിടെ ഡിസൈനില്‍ പുതിയ കോഴ്‌സ് ആരംഭിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ ഫാബ് ലാബ് സ്ഥാപിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. ഇവിടെ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. വ്യാവസായികപങ്കാളികളുമായി സഹകരിച്ച് വിവിധ തൊഴിലധിഷ്ഠിതനൈപുണ്യപരിശീലനപദ്ധതികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞു. വിവിധ വകുപ്പുകളുടെ നൈപുണ്യവികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുള്ള ഏകജാലകസംവിധാനം ഉറപ്പാക്കി. സംസ്ഥാന നൈപുണ്യവികസനമിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് ആണ് ഇതിനായുള്ള സ്‌കില്‍ സെക്രട്ടേറിയറ്റായി പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ ഓണ്‍ലൈന്‍ നൈപുണ്യപരിശീലനത്തിന്റെ ഫലപ്രാപ്തി സംബന്ധിച്ച് സ,ംവാദം സംഘടിപ്പിച്ചു. സംവാദത്തില്‍ തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജീത് രാജന്‍, ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ്, കെയ്‌സ് എംഡിയും വ്യാവസായിക പരിശീലന ഡയറക്ടറുമായ എസ്.ചന്ദ്രശേഖര്‍, യു.എല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ടി.പി.സേതുമാധവന്‍, കെയ്‌സ് സിഓഒ അനൂപ് എം.ആര്‍, കെ.എസ്.ഐ.ഡി പ്രിന്‍സിപ്പാള്‍ കെ.മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.