ന്യൂഡല്‍ഹി: ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് 18 ശതമാനം ജിഎസ്ടി നിരക്ക് ഏര്‍പ്പെടുത്തി അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് (എഎആര്‍ ) ഉത്തരവ്. ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനാലാണ് 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. കോവിഡ് പ്രതിരോധത്തിന്‍റെ പ്രധാന ഘടകങ്ങളിലൊന്നാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍. ഹാന്‍ഡ് സാനിറ്റെെസറുകളുടെ ജിഎസ്ടി നിരക്കുകളെ സംബന്ധിച്ച് ചര്‍ച്ചകള്‍ നിലനില്‍ക്കവെയാണ് എഎആര്‍ ന്‍റെ ഉത്തരവ്.
സാനിറ്റെെസറുകളുടെ ഇവയുടെ വര്‍ഗ്ഗീകരണത്തെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താനായി കഴിഞ്ഞ ദിവസം ഹാന്‍ഡ് സാനിറ്റെെസര്‍ നിര്‍മ്മാതാക്കാളായ സ്പ്രിംഗ്ഫീല്‍ഡ് ഇന്ത്യാ ഡിസ്റ്റലറീസ് എഎആര്‍ ന്‍റെ ഗോവാ വിഭാഗത്തെ സമീപിച്ചിരുന്നു. കമ്പനി നിര്‍മ്മിക്കുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുളള സാനിറ്റൈസര്‍ വിഭാഗത്തില്‍പ്പെടുന്നവയാണെന്നും എച്ച്എസ്എന്‍ 3808 ന്‍റെ കീഴില്‍ തരംതിരിക്കാവുന്നതാണെന്നും എഎആര്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഈ വിഭാഗത്തില്‍പ്പെടുന്നവയ്ക്ക് 18 ശതമാനം ജിഎസ്ടി നിരക്ക് ബാധകമാണെന്നും എഎആര്‍ പറഞ്ഞു. എന്നാല്‍ അവശ്യ സാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവയെ ജിഎസ്ടി നിരക്കില്‍ നിന്ന് ഒഴിവാക്കണമെനന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു. അതേസമയം ജിഎസ്ടി നിയമത്തിൽ ഒഴിവാക്കപ്പെട്ട വസ്തുക്കളുടെ പ്രത്യേക പട്ടികയുണ്ടെന്നും എഎആര്‍ ഉത്തരവില്‍ പറയുന്നുണ്ട്. കൂടാതെ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകളെ 18 ശതമാനം നികുതി നിരക്കില്‍ തന്നെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് വ്യക്തമാക്കി.



















