ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 50,000 കോടിയുടെ പദ്ധതി നാട്ടിലേക്ക് മടങ്ങിയ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ പദ്ധതി ജനങ്ങള്‍ക്ക് സഹായകമാകുമെന്നും രാജ്യം നിങ്ങളുടെ പ്രയാസങ്ങളും ആവശ്യങ്ങളും മനസിലാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളെ കേന്ദ്രീകരിച്ചുള്ള പ്രചരണം ആരംഭിച്ചു.
ബീഹാറിലെ തെലിഹാര്‍ ഗ്രാമത്തില്‍ തുടക്കം കുറിച്ച പദ്ധതിയില്‍ ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ 116 ജില്ലകളാണ് ഉള്‍പ്പെടുന്നത്. ഡല്‍ഹി, ഗുരുഗ്രാം, രാജസ്ഥാന്‍ തുടങ്ങി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബീഹാറിലേക്ക് മടങ്ങിയെത്തിയ നിരവധി ആളുകളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറണ്‍സ് വഴി ആശയവിനിമയം നടത്തി.
ദിവസവേതനത്തിനായി ജോലി ചെയ്തിരുന്ന മുന്നര ദശലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബീഹാറിലേക്ക് തിരിച്ചെത്തിയത്. ഗ്രാമീണ ഇന്ത്യയിലെ തൊഴില്‍ അവസരങ്ങള്‍ ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതി ജനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും വഴിവെക്കുമെന്ന് കേന്ദസര്‍ക്കാര്‍ വ്യക്തമാക്കി.