ജനീവ: കോവിഡ് വ്യാപനത്തില്‍ ലോകരാജ്യങ്ങളുടെ പോക്ക് മോശത്തില്‍ നിന്ന് അതിമോശം അവസ്ഥയിലേക്കെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നാല്‍ പഴയ അവസ്ഥയിലേക്കൊരു മടങ്ങിപ്പോക്ക് സമീപ ഭാവിയില്‍ ഉണ്ടാവില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
കോവിഡ് പ്രതിരോധത്തില്‍ പല രാജ്യങ്ങളും തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. നിരവധി രാജ്യങ്ങള്‍ കോവിഡ് വ്യാപനത്തെ വിജയകരമായി നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോഴും ചില ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ടെഡ്രോസ് വ്യക്തമാക്കി.
പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ലോകം മഹാമാരിയുടെ പിടിയിലാവും. വിവിധ രാജ്യങ്ങളിലെ നേതാക്കളില്‍ പലരും അവരിലുളള വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലുളള പ്രതികരണങ്ങളാണ് നടത്തുന്നതെന്നും ടെഡ്രോസ് വിമര്‍ശിച്ചു. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു ഡബ്ല്യുഎച്ച്ഒ മേധാവിയുടെ വിമര്‍ശനം.
ആഗോള തലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 1.32 കോടി കടക്കുമ്പോള്‍ 5.74 ലക്ഷം പേരാണ് മരണത്തിന് കീഴടങ്ങിയത്. അമേരിക്കയില്‍ 24 മണിക്കൂറില്‍ 63,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലും കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 9 ലക്ഷം കടന്നു.