കുവൈത്ത് സിറ്റി : പൗരന്മാരുടെ കടങ്ങൾ വീട്ടുന്നതിനുള്ള മൂന്നാമത്തെ ദേശീയ കാമ്പയ്‌നിനായി ശേഖരിച്ചത് 7 ദശലക്ഷം കുവൈത്ത് ദിനാർ. കഴിഞ്ഞ ദിവസം കുവൈത്ത് ഔഖാഫ് പത്ത് ലക്ഷം ദിനാർ സംഭാവന നൽകി. ഇതുമായി ബന്ധപ്പെട്ട് ഔഖാഫ് സെക്രട്ടേറിയറ്റ് ജനറൽ സാമൂഹിക കാര്യ മന്ത്രാലയത്തിന് കത്ത് അയച്ചു. ഇതുവരെ 15,325 ദാതാക്കളാണ് കാമ്പയ്നിൽ പങ്കാളികളായത്. റമദാനിലെ അവസാന ദിവസങ്ങൾ പ്രമാണിച്ച്, നിരവധി സഹകരണ സംഘങ്ങൾ കുറഞ്ഞത് 1,00,000 ദിനാർ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ മൊത്തം തുക 10 ദശലക്ഷം ദിനാർ കവിയും. ദേശീയ കാമ്പയ്‌നിൽ ജനങ്ങൾ പ്രകടിപ്പിക്കുന്ന ഉദാരത രാജ്യത്തിന്റെ ചരിത്രത്തിലെ മറ്റൊരു തിളങ്ങുന്ന അധ്യായമാണെന്ന് സാമൂഹികകാര്യ മന്ത്രിയും കുടുംബ-ബാല്യകാര്യ സഹമന്ത്രിയുമായ ഡോ. അംതാൽ അൽ-ഹുവൈല പറഞ്ഞു. കാമ്പയിൻ ഏപ്രിൽ 14 വരെ തുടരുമെന്നും, എല്ലാവർക്കും ഈ മഹത്തായ സംരംഭത്തിൽ പങ്കെടുക്കാൻ അവസരം നൽകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
