ദിബ്ബയിലെ ബന്ധുവീട്ടില്‍ എത്തിയ ആറു വയസ്സുകാരിയാണ് കളിക്കുന്നതിനിടെ അഗാധമായ കിണറ്റിലേക്ക് വീണത്
ദിബ്ബ : വീടിനു സമീപം കളിക്കുന്നതിനിടെ പതിനഞ്ച് മീറ്ററോളം താഴ്ചയുള്ള കിണറ്റില്‍ വീണ ആറു വയസ്സുകാരിയെ സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ പരിശ്രമഫലമായി രക്ഷപ്പെടുത്തി.
ഫ്യുജെയ്‌റയിലെ ദിബ്ബ പ്രവിശ്യയിലെ വാസിതിലാണ് അപകടം നടന്നത്. ബന്ധുവിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ കുട്ടിയാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ സമീപത്തെ ഇരുമ്പു ഷീറ്റിട്ട് മൂടിയ കിണറ്റിനു മുകളിലേക്ക് കയറിയത്. തുള്ളിക്കള്ളിക്കുന്നതിനിടെ ഷീറ്റ് നീങ്ങി കുട്ടി താഴേക്ക് പതിക്കുകയായിരുന്നു.
സഹോദരി കിണറ്റില്‍ വീഴുന്നത് കണ്ട് നിലവിളിച്ച് കൊണ്ട് ഓടിയെത്തിയ ബാലനാണ് പിതാവിനോട് അപകട വിവരം പറഞ്ഞത്
പിതാവ് യാക്കൂബ് ബിന്‍ അബ്ദുള്ള ഉടനെ തന്നെ ഫ്യുജെയ്‌റ സിവില്‍ ഡിഫന്‍സുമായി ബന്ധപ്പെട്ടു. വിവരം ലഭിച്ച് പത്തു മിനിറ്റിനുള്ളില്‍ ഇവര്‍ അപകട സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
A 6-year-old girl has been rescued after falling into a #well in #Fujairah, UAE. In a video posted by the #UAE’s Interior Ministry, a #rescue worker descended into a narrow well to save the little girl. She was taken to hospital where it is believed she recovered from the ordeal. pic.twitter.com/4w4cvYm8Vc
— masaha.kwt (@MasahaKWT) February 22, 2022
ഉടനെ തന്നെ ആംബുലന്‍സില്‍ കുട്ടിയ ആശുപത്രിയിലെത്തിച്ചു. കാര്യമായ പരിക്കുകളില്ലാതെ കുട്ടി രക്ഷപ്പെട്ടു. വിവരം ലഭിച്ച ഉടനെ തന്നെ എത്തി കുട്ടിയെ ആഴമുള്ള കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് യാക്കൂബ് നന്ദിപറഞ്ഞു.
ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് തന്റെ മകള്‍ ഇപ്പോഴും ജീവനോടെയുള്ളതെന്നും വിവരം അറിഞ്ഞെത്തി കുട്ടിയെ ഉടനെ തന്നെ പുറത്തെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും യാക്കൂബ് പറഞ്ഞു.
ആശുപത്രിയില്‍ കഴിയവെ തങ്ങളുടെ അടുത്തെത്തി സമാശ്വസിപ്പിച്ച ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹിയാനും തന്റെ നന്ദി അറിയിക്കുന്നതായും യാക്കൂബ് പറഞ്ഞു.
രക്ഷാദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ സിവില്‍ ഡിഫന്‍സ് അംഗങ്ങളെ ആഭ്യന്തര മന്ത്രി അനുമോദിച്ചു.