ദുബായ്: പുതുവല്‍സര രാവില്‍ ലോകത്തെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ വെടിക്കെട്ടിന് അബൂദബി നഗരം സാക്ഷിയാവും. 35 മിനിറ്റ് നീളുന്ന വെടിക്കെട്ടിലൂടെ രണ്ട് ഗിന്നസ് റെക്കോഡുകള്‍ മറികടക്കാനാണ് സംഘാടകര്‍ ഒരുങ്ങുന്നത്. അല്‍ വത്ബയിലെ ആകാശത്താണ് വിസ്മയം നിറഞ്ഞ വര്‍ണ രാജികള്‍ വിരിയുക. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് വെടിക്കെട്ട് ഒരുക്കുന്നത്.
ലോകത്തെ ആദ്യ ഗിരന്‍ഡോല വെടിക്കെട്ടായിരിക്കും ഇതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. തുടര്‍ച്ചയായി ഇത്രയും സമയം നീളുന്ന ഏറ്റവും വലിയ വെടിക്കെട്ടുമായിരിക്കും അബൂദബിയിലേത്. ഡിസംബര്‍ 31ന് വൈകീട്ട് 3 മണിക്കാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. മൂന്ന് മാസം നീളുന്ന ശെയ്ഖ് സായിദ് ഫെസ്റ്റിവല്‍ നവംബര്‍ 20നാണ് ആരംഭിച്ചത്. ഫെബ്രുവരി 20 വരെ നീളുന്ന ആഘോഷ പരിപാടികളില്‍ 30ലേറെ രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സംസ്‌കാരിക അല്‍ഭുതങ്ങളെ ഒരു വേദിയിലെത്തിക്കുന്നു എന്നതാണ് ഈ ആഘോഷത്തിന്റെ പ്രത്യേകത.