മസ്‌കത്ത്: ആഗോളതലത്തിലും പ്രാദേശികമായും ശ്രദ്ധേയമായ 29-ാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേള സന്ദർശകർക്കായി തുറന്നു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന മേള മെയ് 3 വരെ നീണ്ടുനിൽക്കും. 35 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 674 പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തുമണി മുതൽ രാത്രി പത്തുമണി വരെയാണ് മേളയുടെ സമയം.
സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സയ്യിദ് ഡോ. ഫഹദ് ബിൻ അൽ ജുലന്ദ അൽ സെയ്ദാണ് പുസ്തകമേള ഉദ്ഘാടനം ചെയ്തത്. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസിയുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
‘സാംസ്‌കാരിക വൈവിധ്യവും നാഗരികതകളുടെ സമ്പന്നതയും’ എന്ന വിഷയത്തിലാണ് ഈ വർഷത്തെ പുസ്തകമേള നടക്കുന്നത്. നോർത്ത് ഷർഖിയ ഗവർണറേറ്റാണ് ഈ എഡിഷന്റെ ഗസ്റ്റ് ഓഫ് ഹോണർ. ഗവർണറേറ്റിന്റെ സാംസ്‌കാരിക പൈതൃകം, ചരിത്ര നേട്ടങ്ങൾ, പ്രധാന വ്യക്തികൾ എന്നിവ പ്രത്യേക പവലിയനിൽ പ്രദർശിപ്പിക്കും.
ഒമാൻ സുൽത്താനേറ്റും സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്ന സൗദി സാംസ്‌കാരിക ദിനങ്ങളും ഈ വർഷത്തെ പുസ്തകമേളയിലുണ്ടാകും. മേളയുടെ ഭാഗമായി ഏകദേശം 500 താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ചിൽഡ്രൻസ് പവലിയൻ: നാടക പ്രദർശനങ്ങൾ, വർക്ക്ഷോപ്പുകൾ, 95 ഒമാനി പ്രതിഭകൾക്കും ഒമ്പത് അന്താരാഷ്ട്ര പ്രതിഭകൾക്കുമൊപ്പം അറബിക് ഭാഷാ ആക്ടിവിറ്റികൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ പവലിയൻ. കൾച്ചറൽ കഫേസ്: അനൗപചാരിക ചർച്ചകൾക്കും സാഹിത്യ ഇടപെടലുകൾക്കുമുള്ള ഇടമാണിത്.35 രാജ്യങ്ങളിൽ നിന്നുള്ള 674-ലധികം പ്രസാധക സ്ഥാപനങ്ങൾ മേളക്കെത്തും. 640 സ്ഥാപനങ്ങൾ നേരിട്ടും 34 സ്ഥാപനങ്ങൾ പരോക്ഷമായുമാണ് പങ്കെടുക്കുക. 681,000-ലധികം പുസ്തകങ്ങൾ മേളയിലുണ്ടാകും.











