ആറു മാസത്തിനിടയിൽ യു.എ.ഇ 219 ക്ലൗഡ് സീഡിങ് നടത്തി.നാഷണൽ സെന്‍റെർ ഓഫ് മെറ്റീരിയോളജി, എൻ.സി.എം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത് അറിയിച്ചത്. കടുത്ത ചൂടിൽ വരണ്ടിരുന്ന യു.എ.ഇയിൽ ഇപ്പോൾ ഇടയ്ക്കിടെ മഴപെയ്യുന്നത് കാലാവസ്ഥാ വകുപ്പിന്‍റെ ക്ലൗഡ് സീഡിങ്ങെന്ന നൂതന പരീക്ഷണങ്ങളുടെ ഫലമായാണ്.
ജലവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളിൽ ഗവേഷണവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിര ജലസ്രോതസ്സുകൾ നൽകുന്നതിൽ യു.എ.ഇ.യുടെ പ്രാധാന്യം എൻസിഎമ്മിന്‍റെ ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ ഭൂഗർഭജലസ്രോതസ്സുകൾ വർദ്ധിപ്പിച്ച് രാജ്യത്തിന്റെ ജല സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വാർഷിക മഴയുടെ തോത് വർദ്ധിപ്പിക്കുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം.
യു.എ.ഇ. ഭരണാധികാരികളുടെ നിർദേശപ്രകാരം നടക്കുന്ന ക്ലൗഡ് സീഡിങ്ങടക്കമുള്ള പദ്ധതികളിലൂടെ ജലസ്രോതസ്സുകളുടെ സുസ്ഥിരതയുറപ്പാക്കാൻ കഴിഞ്ഞതായി ദേശീയ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ മൻദോസ് അഭിപ്രായപ്പെട്ടു.