റിയാദ്: പതിനഞ്ചാമത് ജി-20 ഉച്ചകോടിക്ക് ഇന്ന് സൗദിയില്‍ തുടക്കമാകും. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഈ വര്‍ഷത്തെ ഉച്ചകോടി നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഉച്ചകോടി ഇന്നും നാളെയുമായി ഓണ്‍ലൈനായി നടത്താനാണ് തീരുമാനം.
അധ്യക്ഷ പദവി ഏറ്റെടുത്തശേഷം സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കിരീടാവകാശിയുടെ മേല്‍നോട്ടത്തില്‍ രാജ്യം സമഗ്രമായ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞിരുന്നു. ആളുകളെ ശാക്തീകരിക്കുക, ഭൂമിയെ സംരക്ഷിക്കുക, പുതിയ ചക്രവാളങ്ങള്‍ രൂപപ്പെടുത്തുക എന്നീ വിഷയങ്ങളിലൂന്നിയാണ് പദ്ധതി തയ്യാറാക്കിയത്.
ലോകം അഭിവൃദ്ധിയും വികസനവും കൈവരിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ സംരക്ഷിക്കുന്നതിനും സമൃദ്ധിക്കും സ്ഥിരതക്കും അടിത്തറ പാകുന്നതിനും അന്താരാഷ്ട്ര പങ്കാളികളുമായി കൈകോര്‍ത്ത് പോകുന്നതിനുള്ള സൗദി അറേബ്യയുടെ ദൃഢ നിശ്ചയം ഉച്ചകോടിയില്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ഇന്ത്യ, സൗദി അറേബ്യ ഉള്‍പ്പെടെ ലോകത്തിലെ വന്‍ശക്തികളായ 20 രാജ്യങ്ങളാണ് ഉച്ചകോടിയിലെ അംഗങ്ങള്‍. 2019 ല്‍ ജപ്പാനിലെ ഒസാക്കയില്‍ ആയിരുന്നു 14-ാമത് ഉച്ചകോടി നടന്നത്.










