അബുദാബി: ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 13,000 ത്തോളം പേര്‍ക്ക് അബുദാബി ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് പിഴചുമത്തി. ഡ്രൈവിങ്ങിനിടയില്‍ ഫോണില്‍ സംസാരിക്കുകയോ, ചാറ്റ് ചെയ്യുകയോ, മെസ്സേജ് അയക്കുകയോ, ഇന്‍റര്‍നെറ്റ് ബ്രൗസ് ചെയ്യുകയോ വീഡിയോ ഫോട്ടോ ഇവ എടുക്കുകയോ ചെയ്യുന്നവര്‍ക്ക് 800 ദിര്‍ഹവും നാല് ബ്ലാക്ക് പോയിന്റെും ആണ് പിഴ.
മൊബൈല്‍ ഫോണിന് അടിമകളായ യുവാക്കളായ ഡ്രൈവര്‍മാര്‍ റോഡ് സുരക്ഷിതത്വത്തിന് ഭീഷണി ഉണ്ടാക്കുകയും അപകടങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യുന്ന സാഹചര്യം വര്‍ധിച്ചിട്ടുണ്ട്. ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരുത്തരവാദപരമായ സമീപനമാണെന്നും അബുദാബി പോലീസ് അറിയിച്ചു. 70 ശതമാനം മുതല്‍ 80 ശതമാനം വരെ റോഡ് അപകടങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം ഉണ്ടാകുന്നതാണ് എന്നും ഇതുസംബന്ധിച്ച് സര്‍വേ ഫലം വ്യക്തമാക്കുന്നു.
ചുവപ്പ് സിഗ്നല്‍ വരെ അവഗണിച്ച് ഡ്രൈവ് ചെയ്യുന്നതു മൂലം ദാരുണമായ അപകടങ്ങളും, മരണവും സംഭവിക്കുന്നുണ്ട്. റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഡ്രൈവ് ചെയ്യുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. അവഗണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും പോലീസ് വ്യക്തമാക്കി.













