ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം കുവൈറ്റിൽ നിന്ന് ജൂലൈ 3 ന് പുറപ്പെടും, പുണ്യഭൂമിയിലേക്കുള്ള സുഗമമായ യാത്രയ്ക്ക് വ്യോമയാന ഡയറക്റ്ററേറ്റ് നടപടി ക്രമങ്ങൾ പുറത്തിറക്കി .
കുവൈറ്റ് : ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം കുവൈറ്റിൽ നിന്ന് അടുത്ത മാസം മൂന്നാം തീയതി പുറപ്പെടും. കോവിഡ് മഹാമാരി മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുണ്യ ഭൂമിയിലേക്ക് തീർത്ഥാടകർ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നത്. നിലവിലെ തീർഥാടന സീസണിൽ 20 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെന്നും അധികമായി ഒരു പദ്ധതിയുണ്ടെന്നും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ യൂസഫ് അൽ ഫൗസാൻ അറിയിച്ചു. ഏകദേശം 5,622 തീർത്ഥാടകരെയാണ് പുണ്യഭൂമിയിലേക്ക് കൊണ്ടുപോകുക. വിമാനത്താവള ഓപ്പറേറ്റർമാരുമായും മറ്റ് അനുബന്ധ കക്ഷികളുമായും അഡ്മിനിസ്ട്രേഷൻ നിരവധി മീറ്റിംഗുകൾ നടത്തിയെന്നും സീസണിലും ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിലും യാത്രക്കാർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്തതായും അൽ ഫൗസാൻ പറഞ്ഞു. തീർഥാടകരുടെ പുറപ്പെടലും മടങ്ങിവരവും ടി4, ടി5, ടി1 എന്നീ 3 ടെമിനലുകളിലൂടെയായിരിക്കും. കുവൈറ്റ് എയർവേയ്‌സ്, സൗദി എയർലൈൻസ്, ജസീറ എയർവേയ്‌സ്, ഫ്‌ളൈനാസ് എന്നീ 4 എയർലൈനുകളിലാണ് യാത്ര ചെയ്യാൻ സാധിക്കുക. ഈ വർഷത്തെ ഹജ്ജിനെ നേരിടാനായി വ്യോമയാന ഡയറക്ടറേറ്റ് പുറത്തിറക്കിയ നടപടി ക്രമങ്ങളിൽ തീർത്ഥാടകരുടെ സൗകര്യം ഉറപ്പാക്കുന്നതിനുള്ള ഒരു സംയോജിത പദ്ധതിയും, തീർത്ഥാടകരുടെ പുറപ്പെടൽ സുഗമമാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായുള്ള കൂടിക്കാഴ്ചകളും ഉൾപ്പെടുന്നു. എയർലൈനുകൾക്കിടയിൽ തീർഥാടകർക്കുള്ള സീറ്റുകളുടെ വിതരണം, തിരക്ക് ഒഴിവാക്കാൻ അധിക കൗണ്ടറുകൾ നൽകുക, തീർത്ഥാടകരെ ഉൾക്കൊള്ളാൻ വിമാന സമയം ക്രമീകരിക്കുക തുടങ്ങിയവയും നടപടിക്രമങ്ങളാണെന്ന് അധികൃതർ അറിയിച്ചു.