മനാമ: ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതീകമെന്ന നിലയിൽ സൗദി 94ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്റൈനിലുടനീളം കെട്ടിടങ്ങളും ലാൻഡ്മാർക്കുകളും പച്ച നിറത്തിൽ അലങ്കരിച്ചു.ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങൾ പച്ച നിറത്തിൽ പ്രകാശിപ്പിച്ചു. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) ‘ഡിലൈറ്റഡ് ടു സീയു’ കാമ്പെയിൻ ആരംഭിച്ചിരുന്നു.
സൗദി പൗരന്മാരെ സ്വാഗതം ചെയ്യുന്നതിനായി വൈവിധ്യമാർന്ന വിനോദസഞ്ചാര, വിനോദ, സാംസ്കാരിക പരിപാടികളാണ് കാമ്പയിനിൽ ഒരുക്കിയത്. സൗദി അറേബ്യയിൽനിന്നും ഗൾഫിൽ നിന്നുമുള്ള സന്ദർശകർക്ക് പ്രത്യേക ടൂറിസം പാക്കേജുകളും ഓഫറുകളും നൽകിയിരുന്നു. ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട്, കിങ് ഫഹദ് കോസ്വേ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ ആകർഷകമായ പോസ്റ്ററുകളും ഡിസൈനുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയ സ്വകാര്യ മേഖലയിലെ പങ്കാളികളുമായി സഹകരിച്ച് ബി.ടി.ഇ.എ ടൂറിസം പാക്കേജുകളുടെയും ഓഫറുകളുടെയും നിരതന്നെ പുറത്തിറക്കിയിരുന്നു.
