പിസിആര്‍ ടെസ്റ്റും ക്വാറന്റൈനുമില്ലാതെ രാജ്യത്ത് യാത്രക്കാര്‍ക്ക് എത്താമെന്ന തീരുമാനത്തിനെ സ്വാഗതം ചെയ്ത് ടൂറിസം മേഖല
മനാമ : ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധനയും ക്വാറന്റൈനും ഒഴിവാക്കി കൊണ്ടുള്ള സിവില്‍ ഏവിയേഷന്‍ തീരുമാനത്തിനെ സ്വാഗതം ചെയ്ത് ടൂറിസം ,ഹോട്ടല്‍ മേഖല.
രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്നതിന് ഇത് വഴിയൊരുക്കുമെന്ന് ടൂറിസം, ഹോട്ടല്‍ മേഖലയിലുള്ളവര്‍ കരുതുന്നു.
നേരത്തെ, ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റും ഏഴു ദിവസത്തെ ക്വാറന്റൈനും നിര്‍ബന്ധമായിരുന്നു. ഈ നിയന്ത്രണമാണ് ഇപ്പോള്‍ എടുത്തു കളഞ്ഞത്. തിങ്കളാഴ്ച മുതല്‍ നിയന്ത്രണ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു.
കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ബിഎവയര്‍ ആപില്‍ ഗ്രീന്‍ ഷീല്‍ഡ് ഇല്ലാത്തവരോ ഇനി ക്വാറന്റൈനില്‍ ഇരിക്കേണ്ടതില്ല.
ദേശീയ മെഡിക്കല്‍ ദൗത്യസേനയുടെ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാകണമെന്ന നിബന്ധനയും താമസിയാതെ ഒഴിവാക്കുമെന്ന് മെഡിക്കല്‍ ദൗത്യ സേനയുടെ വക്താവ് അറിയിച്ചു.
അതേസമയം, കോവിഡ് വ്യാപനം തടയാന്‍ പൊതുജനങ്ങള്‍ സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുകയും മുഖാവരണം ധരിക്കുകയും തുടരണമെന്ന് ദൗത്യ സേന അഭ്യര്‍ത്ഥിച്ചു.