ജിദ്ദ : സൗദി അറേബ്യയുടെ മുൻ സിവില്‍ സര്‍വീസ് മന്ത്രിയും രാജ്യത്തെ പ്രമുഖ വ്യക്തിയായി എണ്ണപ്പെടുന്നയാളുമായ മുഹമ്മദ് ബിന്‍ അലി അല്‍ഫായിസ്(87) അന്തരിച്ചു. സൗദിയിലെ ആദ്യത്തെ സിവില്‍ സര്‍വീസ് മന്ത്രിയായിരുന്ന ഫായിസ് നേരത്തെ, തൊഴില്‍, സാമൂഹിക കാര്യ മന്ത്രിയായും സേവനം അനുഷ്ഠിച്ചിരുന്നു. ജനറല്‍ സിവില്‍ സര്‍വീസ് ബ്യൂറോ പ്രസിഡന്റ്, ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ചെയര്‍മാന്‍, ടെക്‌നിക്കല്‍ ആൻഡ് വൊക്കേഷണല്‍ ട്രെയിനിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി പ്രമുഖ സര്‍ക്കാര്‍ സ്ഥാനങ്ങള്‍ വഹിച്ചു. കയ്റോ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദവും അമേരിക്കയിലെ സതേണ്‍ കലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.
