ജിദ്ദ: സൗദിയിലെ ഏറ്റവും വലിയ മാമ്പഴമേളയുമായി ലുലു ഹൈപ്പർമാർക്കറ്റുകൾ. ‘ലുലു മാംഗോ മാനിയ’ എന്ന ശീർഷകത്തിലൊരുക്കിയ മേള ജിദ്ദയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സുരി ഉദ്ഘാടനം ചെയ്തു. മേള മേയ് 10ന് അവസാനിക്കും. ലോകത്തെ 119 ഇനം മാമ്പഴ വൈവിധ്യങ്ങളും മാമ്പഴ വിഭവങ്ങളും മേളയിൽ അണിനിരന്നിട്ടുണ്ട്. 12 രാജ്യങ്ങളിൽ നിന്നെത്തിച്ചതാണ് ഈ മാമ്പഴ വൈവിധ്യം. ഇന്ത്യയിൽനിന്ന് 60 ഉം സൗദി അറേബ്യയിൽനിന്ന് 24 ഉം വ്യത്യസ്ത മാമ്പഴയിനങ്ങൾ ഇതിലുൾപ്പെടുന്നു. ഇതിന് പുറമെ വിയറ്റ്നാം, മലേഷ്യ, തായ്ലൻഡ്, ഇന്തോനേഷ്യ, യമൻ, ഉഗാണ്ട, കെനിയ, കൊളംബിയ, പെറു തുടങ്ങിയ രാജ്യങ്ങളിലെ അപൂർവവും കൊതിയൂറുന്നതുമായ മാമ്പഴ ഇനങ്ങളും ലുലു മാംഗോ മാനിയ പവിലിയനുകളിലുണ്ട്.
മാമ്പഴമേള എന്നതിലുപരി ഒരു അതുല്യ സാംസ്കാരത്തിന്റെ പ്രദർശനമാണ് ലുലു മാംഗോ മാനിയ എന്ന് കോൺസൽ ജനറൽ അഭിപ്രായപ്പെട്ടു. മാമ്പഴങ്ങളുടെ മഹത്തായ പാരമ്പര്യത്തെ ഇന്ത്യൻ മണ്ണിൽനിന്ന് സൗദിയിൽ കൊണ്ടുവന്ന ലുലുവിനെ അദ്ദേഹം അഭിനന്ദിച്ചു. മാമ്പഴരുചികളും പാരമ്പര്യവും സമന്വയിപ്പിക്കുന്നതാണ് ലുലു മാംഗോ മാനിയ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഏറ്റവും വലിയ മാമ്പഴമേളകളിലൊന്നായ ലുലു മാംഗോ മാനിയക്ക് പ്രത്യേകതകൾ ഏറെയാണ്. മാമ്പഴങ്ങൾക്ക് പുറമെ മാമ്പഴ വിഭവങ്ങളുടെ നീണ്ടനിരയാണ് അതിലൊന്ന്. ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഹോട്ട് ഫുഡ് – കോൾഡ് ഫുഡ് കൗണ്ടറുകളിൽ പ്രത്യേകമായി സജ്ജീകരിച്ച പവിലിയനുകളിലാണ് മാമ്പഴപ്രേമികളെ കാത്ത് വ്യത്യസ്ത രുചി വൈവിധ്യങ്ങളുള്ളത്. മാംഗോ ചിക്കൻ കറി, മാംഗോ ഫിഷ് കറി മുതൽ മാംഗോ സ്മൂതികൾ വരെ നീളുന്ന പുത്തൻ മാമ്പഴ രുചിക്കൂട്ടുകളാണ് ലുലു മാംഗോ മാനിയയിലുള്ളത്. മാമ്പഴം കൊണ്ടുള്ള പുഡ്ഡിങ്ങുകൾ, ചീസ് കേക്ക്, പേസ്ട്രീസ് തുടങ്ങി മാമ്പഴ ഡെസർട്ട് വിഭാഗത്തിലും വ്യത്യസ്ത വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്.
സൗദി മണ്ണിൽ വീണ്ടും ലുലുവിന്റെ ഏറ്റവും ട്രെൻഡിങ് മാംഗോ മാനിയ എത്തിക്കാൻ സാധിച്ചതിൽ അത്യധികം സന്തോഷിക്കുന്നതായി സൗദി അറേബ്യയിലെ ലുലു ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു. ആരോഗ്യവും രുചിയും സന്തോഷവും ഒരുമിപ്പിക്കുന്നതാണ് ലുലു മാംഗോ മാനിയ. സൗദിയിൽതന്നെ ഉണ്ടാകുന്ന മാമ്പഴ വൈവിധ്യങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ സാധിച്ചത് പ്രാദേശിക കൃഷിയെ തുടർച്ചയായി പ്രോത്സാഹിപ്പിക്കുന്ന ലുലുവിന്റെ അടിയുറച്ച പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
