മസ്കത്ത്: ഇന്ത്യയിലെ 40ഓളം യൂനിവേഴ്സിറ്റികൾ പങ്കെടുക്കുന്ന സ്റ്റഡി ഇന്ത്യ എക്സ്പോ വെള്ളി, ശനി ദിവസങ്ങളിൽ റൂവിയിലെ അൽഫലാജ് ഹോട്ടലിലും ഡിസംബർ ഒമ്പതിന് സുഹാർ റഡിസൺ ബ്ലൂ ഹോട്ടൽ റിസോർട്ടിലും നടക്കും. പ്രവേശനം സാജന്യം.കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ സാധ്യതകൾ അറിയാനുള്ള ഒരു സുവർണാവസരമാണിതെന്ന് സംഘാടകർ പറഞ്ഞു.
40ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ഇന്ത്യൻ എജുക്കേഷൻ ഫെയർ എല്ലാവർഷവും ഡിസംബർ മാസം ആദ്യ വാരത്തിലാണ് നടക്കുന്നത് . മുൻകാലങ്ങളിൽ നടന്ന എക്സ്പോയിലൂടെ ഒട്ടനവധി രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് വേണ്ട കോഴ്സുകളെ കുറിച്ച് കൃത്യമായ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്ന് സംഘാടകർ അവകാശപ്പെട്ടു. കേരളത്തിൽനിന്നും ഇന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നുമായി 200ഓളം വിവിധ കോഴ്സുകൾ എക്സിബിഷനിൽ വിവിധ യൂനിവേഴ്സിറ്റി പ്രതിനിധികൾ പരിചയപ്പെടുത്തും. എക്സിബിഷന്റെ ഭാഗമായി 22ഓളം വിഷയങ്ങളിൽ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെ അഭിരുചികൾ മനസ്സിലാക്കാനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളും സൗജന്യമായി ഇവിടെനിന്ന് ചെയ്യാം.












