അബുദാബി : സ്കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നതിന് പ്രത്യേക അനുമതി നിർബന്ധമാക്കി അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്). സ്കൂൾ അധികൃതർ നേരിട്ടും ഓൺലൈനായും നടത്തുന്നവയ്ക്കും മറ്റേതെങ്കിലും സംഘടനകളോ സ്ഥാപനങ്ങളോ സ്കൂളിൽ നടത്തുന്ന പരിപാടികൾക്കും അനുമതി നിർബന്ധം.
ബിരുദദാന ചടങ്ങ് സംഘടിപ്പിക്കുന്നതിന് 3 നിബന്ധനകളും മുന്നോട്ടുവച്ചു. സ്കൂളുകളുടെ ആഭിമുഖ്യത്തിൽ മറ്റു സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടിക്കും അനുമതി എടുക്കണം. പ്രവൃത്തി/ അവധി ദിവസങ്ങളിലാണെങ്കിലും പഠനമല്ലാതെ സ്കൂളിൽ നടത്താനുദ്ദേശിക്കുന്ന മറ്റേതൊരു പരിപാടിക്കും അഡെക് അനുമതി വേണം. സൗജന്യമായോ പ്രത്യേക ഫീസ് ഈടാക്കിയോ ഉള്ള കായിക പരിശീലനങ്ങൾക്കും അനുമതി വേണം. ഓരോ വർഷത്തിലും നടപ്പാക്കാനുദ്ദേശിക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളുടെ പട്ടിക തയാറാക്കി നേരത്തെ തന്നെ അഡെകിന്റെ അംഗീകാരം തേടണമെന്നാണ് പുതിയ നിയമം.
∙ ദിവസങ്ങൾക്ക് മുൻപേ അനുമതി തേടണം
പതിവു പാഠ്യേതര പ്രവർത്തനങ്ങൾക്ക് 15 ദിവസം മുൻപും അതിഥികളെ ക്ഷണിച്ചുള്ള പരിപാടികൾക്ക് ഒരു മാസം മുൻപും വിദേശ ടൂർ , എക്സ്ചേഞ്ച് പ്രോഗ്രാം എന്നിവയ്ക്ക് 2 മാസം മുൻപും അനുമതി എടുക്കണം. ഇവയ്ക്ക് രക്ഷിതാക്കളുടെ രേഖാമൂലുള്ള സമ്മതപത്രവും വാങ്ങണം.പ്രത്യേക ഫീസ് ഈടാക്കിയാണ് സേവനമെങ്കിൽ കുറ്റമറ്റ രീതിയിൽ നടപ്പാക്കണം. അഡെകിന്റെ അംഗീകാരമില്ലാത്ത പരിപാടികൾക്ക് ഫീസ് ഈടാക്കുന്നതും വിലക്കി. ജീവകാരുണ്യ സംഘടനകളോ രക്ഷാകർതൃ സമിതിയോ സ്റ്റുഡൻസ് ക്ലബുകളോ സംഘടിപ്പിക്കുന്നവയ്ക്കും സ്കൂൾ മുഖേന അപേക്ഷ നൽകണം. ശേഖരിച്ച തുകയുടെ 100 ശതമാനവും നിശ്ചിത ആവശ്യത്തിന് ഉപയോഗിക്കണം.
വിദ്യാർഥികളുടെ ആത്മവിശ്വാസവും ആശയവിനിമയവും വർധിപ്പിക്കുന്നതിനും കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ക്ഷേമം ഉറപ്പാക്കുന്നതിനും പാഠ്യേതര പ്രവർത്തനങ്ങൾ ഫലപ്രദമാണെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.
ബിരുദദാനചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും സൗജന്യമായി നടത്തണം. ഈ ചടങ്ങിന് സാമഗ്രികൾ വാങ്ങാൻ മാതാപിതാക്കൾ ബാധ്യസ്ഥരല്ല. ബിരുദം നേടുന്ന വിദ്യാർഥികളുടെ മാതാപിതാക്കളെ ചടങ്ങിലേക്ക് ഔപചാരികമായി ക്ഷണിക്കണം. മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ഫോട്ടോ സെഷനുകൾക്ക് അനുവാദമുള്ളൂ. എന്നാൽ ഇതു അഡെകിന്റെ നയത്തിന് അനുസൃതമാണെന്ന് ഉറപ്പാക്കണം.
