സെക്രട്ടറിയേറ്റിലെ സി.സി.ടി.വി നന്നാക്കിയത് ദുരൂഹമെന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് അധികൃതർ. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ മാത്രമായുള്ള സി.സി.ടി.വിയുടെ ഇന്റേണൽ നെറ്റ്വർക്കാണ് നന്നാക്കിയതെന്നും സെക്രട്ടേറിയറ്റിലെ പൊതു സി.സി.ടി.വി സർവയലൻസ് നെറ്റ്വർക്കുമായി ഇതിന് ബന്ധമില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. ഏപ്രിൽ 16നാണ് ഇടിമിന്നലിൽ നെറ്റ്വർക്കിന്റെ സ്വിച്ച് കേടായത്. ഇത് നന്നാക്കാൻ പൊതുഭരണ വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുകയാണ് പൊതുഭരണ (ഹൗസ് കീപ്പിംഗ്) വകുപ്പിൽ നിന്ന് അനുവദിച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സി.സി.ടി.വി നന്നാക്കിയ ഉത്തരവിൽ ദുരൂഹതയെന്ന തരത്തിലുള്ള വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്നും അറിയിപ്പിൽ വ്യക്തമാക്കി.
