ദോഹ : സിറിയൻ വിഷയത്തിൽ സൗദിയിലെ റിയാദിൽ നടന്ന അറബ്, പടിഞ്ഞാറൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിതല സമിതി യോഗത്തിൽ ഖത്തറിനെ പ്രതിനിധാനം ചെയ്ത് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി പങ്കെടുത്തു. ബശ്ശാറുൽ അസദ് അനന്തര സിറിയയുടെ ഭാവി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് വിവിധ അറബ്, പടിഞ്ഞാറൻ രാജ്യങ്ങളുടെയും കൗൺസിൽ പ്രതിനിധികളുടെയും വിശാല യോഗം ദോഹയിൽ നടന്നത്. കഴിഞ്ഞ മാസം നടന്ന യോഗത്തിന്റെ തുടർച്ചയായി നടന്ന യോഗത്തിൽ സൗദി, സിറിയ, യു.എ.ഇ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഈജിപ്ത്, ഇറാഖ്, ജോർഡൻ, ലബനാൻ, തുർക്കിയ, ബ്രിട്ടൻ, ജർമനി, അമേരിക്ക, ഇറ്റലി രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു. സിറിയൻ ജനങ്ങളുടെ സ്വാതന്ത്ര്യം, ഐക്യം, പരമാധികാരം എന്നിവയിലും മാന്യവും സുരക്ഷിതവുമായ ജീവിതം കെട്ടിപ്പടുക്കുന്നതിലുമുള്ള ഖത്തറിന്റെ ശക്തമായ പിന്തുണ പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി.












