അബുദാബി/റോം : യുഎഇയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയെക്കുറിച്ചും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇറ്റലി പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയും ചർച്ച നടത്തി. റോമിലെ ക്വിറിനൽ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎഇ പ്രസിഡന്റിന്റെ സന്ദർശനം ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് സെർജിയോ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സംയുക്ത ലക്ഷ്യങ്ങൾ, പ്രത്യേകിച്ച് സാംസ്കാരിക സഹകരണത്തിലും മാനുഷിക മൂല്യങ്ങളുടെ കാര്യത്തിലും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും യുഎഇയുടെ താൽപര്യം ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സ് ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൺ അൽ നഹ്യാൻ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള യുഎഇ പ്രതിനിധി സംഘത്തിലെ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
